ആലപ്പുഴയിലെ രക്ഷാപ്രവർത്തന മർദ്ദനക്കേസ് അട്ടിമറിയിൽ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ ഡിജിപി നടപടിക്ക് ശുപാർശ ചെയ്യും. കേസിലെ തെളിവുകൾ അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും ഡിജിപി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. രക്ഷാപ്രവർത്തന മർദ്ദന കേസിലെ പ്രതികളുമായി അജിത് കുമാർ നിരന്തരം ഫോണിൽ ബന്ധപെട്ടുവെന്ന കണ്ടെത്തൽ അട്ടിമറിയുടെ നിർണായക തെളിവാണെന്നും ഡിജിപിയുടെ വിലയിരുത്തൽ.
ഇന്ന് വൈകിട്ടോടെ ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറാനാണ് ഡിജിപി രവാഡ ചന്ദ്രശേഖറിന്റെ ശ്രമം. അതിനു മുന്നോടിയായി എംആർ അജിത് കുമാറിന്റെ വിശദീകരണം തേടാനും ആലോചിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ സസ്പെൻഷൻ പോലുള്ള കടുത്ത നടപടിയിലേക്ക് കടക്കാനാണ് ആഭ്യന്തരവകുപ്പിന്റെയും ആലോചന.
അതേസമയം നടപടിക്കെതിരെ എഡിജിപി അജിത് കുമാർ കോടതിയിൽ പോയി സ്റ്റേ വാങ്ങിയാൽ അത് സർക്കാരിന് തിരിച്ചടിയാകും എന്ന ആശങ്കയും ആഭ്യന്തരവകുപ്പിന് ഉണ്ട്. ഇത് മറികടിക്കാനുള്ള നിയമവശങ്ങളും പരിശോധിച്ചുവരികയാണ്.