വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല പുനർനിർണയത്തെച്ചൊല്ലി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉയർത്തുന്ന ആശങ്കകളിൽ വ്യക്തമായ ഉറപ്പും പ്രധാനമന്ത്രി നൽകി.

വനിതാ സംവരണത്തിന് രാഷ്ട്രീയ നിറം നൽകരുതെന്ന് പ്രധാനമന്ത്രി പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു. ഇത് രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാണ്. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ സ്ത്രീകളെ പങ്കാളികളാക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ ഈ ബില്ലിനെ എതിർത്തവർക്ക് തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. 2029-ൽ ഇത് നടപ്പിലാക്കിയില്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. "ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ, പക്ഷേ സംവരണം നടപ്പിലാക്കാൻ സഹകരിക്കൂ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡല പുനർനിർണയത്തിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മോദി ഉറപ്പുനൽകി. "കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും വടക്ക് മുതൽ തെക്ക് വരെയും ഒരു സംസ്ഥാനത്തോടും അനീതി കാണിക്കില്ല. സീറ്റുകളുടെ അനുപാതത്തിൽ മാറ്റം വരുത്തില്ല എന്നത് എന്റെ ഉറപ്പാണ്," എന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള എംപിമാരോട് അദ്ദേഹം പറഞ്ഞു.

40 മിനിറ്റ് നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ബില്ലുകൾ സഭയിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പ്രസംഗത്തിൽ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനിടെ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പിലൂടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്. 251 പേര്‍ അനുകൂലിച്ചപ്പോള്‍ 185 പേര്‍ എതിര്‍ത്തു. നാളെ വൈകിട്ട് നാലിന് ബില്ലുകളിന്‍മേല്‍ വോട്ടെടുപ്പ് നടക്കും.

ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് ബില്‍ എന്നും വനിതാ സംവരണത്തേക്കാള്‍ മണ്ഡല പുനര്‍നിര്‍ണയമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. എന്‍.കെ.പ്രേമചന്ദ്രന്‍, കെ.രാധാകൃഷ്ണന്‍ എന്നിവരും ബില്‍ അവതരണത്തെ എതിര്‍ത്തു. മുസ്‌ലിം വനിതകള്‍ക്ക് സംവരണം വേണമെന്ന സമാജ്‌വാദി പാര്‍ട്ടി അംഗം ധര്‍മേന്ദ്രയാദവിന്‍റെ നിലപാടിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എതിര്‍ത്തു. മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ബില്ലുകളിന്‍മേലും ഒരുമിച്ചാണ് ചര്‍‌ച്ച. 

ENGLISH SUMMARY:

Women's reservation bill is a significant moment in India's development journey, allowing women to participate in decision-making processes. Prime Minister Narendra Modi stated that those who oppose the bill will not be forgiven by the women of the country.