ഗോവയിലെ കടൽതീരങ്ങളിൽ വിദേശ വനിതകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി ഗോവ പൊലീസ്. സന്ദർശകരുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോകളോ സെൽഫികളോ പകർത്തുന്നവരെ കരുതൽ തടങ്കലിൽ വെക്കാൻ പൊലീസ് തീരുമാനിച്ചു.
അനുവാദമില്ലാതെ ഫോട്ടോ എടുത്തതിന് തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളെ വടക്കൻ ഗോവയിലെ ബാഗ ബീച്ചിൽ നിന്ന് പൊലീസ് തടങ്കലിലാക്കി. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരമുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 170 പ്രകാരമാണ് നടപടി.
കലാൻഗുട്ട് ബീച്ചിൽ നീന്തിക്കൊണ്ടിരുന്ന വിദേശ വനിതയുടെ വീഡിയോ അനുവാദമില്ലാതെ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് അലിസ്റ്റോ ലോബോ എന്നൊരാൾക്കെതിരെയും കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അപകീർത്തിപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
വിനോദസഞ്ചാരികളുടെ സ്വകാര്യത ലംഘിക്കുന്നവർക്ക് 24 മണിക്കൂർ വരെ തടങ്കൽ ലഭിക്കാം. ഇത്തരം സംഭവങ്ങൾ ഗോവയുടെ വിനോദസഞ്ചാര പ്രതിച്ഛായയെ മോശമായി ബാധിക്കുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബറിൽ അരാംബോൾ ബീച്ചിൽ വിദേശ വനിതകളെ ഉപദ്രവിച്ച സംഭവത്തിലും, ഒക്ടോബറിൽ 19-കാരിയായ വിദ്യാർഥിനിയെ വംശീയമായി അധിക്ഷേപിച്ച കേസിലും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ തീരപ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷയും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പ് പൊലീസിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.