bengaluru-arrest

AI Generated Image

ഭാര്യയെ കൊലപ്പെടുത്താൻ ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ബാലമുരുകനെ സഹായിച്ചതില്‍ ഉത്തർപ്രദേശിലെ വാരണസിയിൽ നിന്നുള്ള 32-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഭുവനേശ്വരിയുടെ ലൈവ് ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് ബാലമുരുകന് കൈമാറിയതിനാണ് അഭിമന്യു സിങ് എന്നയാളെ കസ്റ്റഡിയിലെടുത്തത്.

2025 ഡിസംബറിൽ മഗഡി റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാങ്ക് ജീവനക്കാരിയായ ഭുവനേശ്വരി വെടിയേറ്റ് മരിച്ച കേസിലാണ് അറസ്റ്റ്. ഭാര്യയെ കൊലപ്പെടുത്താൻ മാസങ്ങളോളം ബാലമുരുകൻ പദ്ധതിയിട്ടിരുന്നതായും തോക്ക് ഉപയോഗിച്ചുള്ള നീക്കം പരാജയപ്പെട്ടാൽ ഉപയോഗിക്കാന്‍ കൈവശം കത്തി കരുതിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

കൊലപാതകത്തിനായി ബാലമുരുകൻ ആദ്യം മൗലേഷ് കുമാർ എന്ന മോഷ്ടാവിനെ വാടകയ്‌ക്കെടുത്തു. എന്നാൽ അയാൾ കൊലപാതകം വൈകിപ്പിച്ചതോടെ ബാലമുരുകൻ തന്നെ നേരിട്ട് കൊല നടത്തുകയായിരുന്നു. ബാലമുരുകന്റെ സുഹൃത്തായ അഭിമന്യു സിങ് ബെംഗളൂരുവിലെത്തി ഭുവനേശ്വരിയുടെ ബാങ്കിന് എതിർവശത്തുള്ള ജിം കേന്ദ്രീകരിച്ച് നിന്ന് അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു. കൊലപാതകം നടന്ന ദിവസം ഭുവനേശ്വരി എവിടെയാണെന്ന കൃത്യമായ വിവരം അഭിമന്യു ബാലമുരുകന് കൈമാറുകയായിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് നാടൻ തോക്കുകൾ ബീഹാറിൽ നിന്ന് വാങ്ങാൻ അഭിമന്യു സഹായിച്ചതായും പൊലീസ് ആരോപിക്കുന്നു. ഈ ഗൂഢാലോചനയിൽ പങ്കുള്ള മറ്റ് രണ്ട് പേർ കൂടി ഇപ്പോൾ തമിഴ്നാട്ടിലെ ജയിലിലാണ്. ഇവരെ ചോദ്യം ചെയ്യാനായി ബെംഗളൂരുവിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. വളരെ ആസൂത്രിതമായി നടന്ന ഒരു കൊലപാതകമായിരുന്നു ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ENGLISH SUMMARY:

A software engineer in Bangalore, Balan Murali, was arrested for plotting and executing his wife's murder. His associate, Abhimanyu Singh from Varanasi, was apprehended for tracking the victim's live location and providing it to Balan Murali, facilitating the crime.