മലപ്പുറത്ത് ബീഹാർകാരായ മൂന്ന് പെൺകുട്ടികളെ രണ്ടാനമ്മയും അച്ഛനും ചേർന്ന് പൊള്ളലേല്‍പ്പിച്ചു. അഞ്ചും ആറും പതിനൊന്നും വയസ്സുള്ള മൂന്നു കുട്ടികളാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കേസിൽ കുട്ടികളുടെ അച്ഛനും രണ്ടാനമ്മയും അറസ്റ്റിലായി.
കൊച്ചുകുട്ടികളുടെ കാലുകളിൽ ആഴത്തിലുള്ള മുറിപ്പാടുകൾ കണ്ട നാട്ടുകാരാണ് ചൈൽഡ് ലൈനെ വിവരം അറിയിച്ചത്. പിന്നാലെ പൊലീസിന്റെ കൂടി സഹായത്തോടുകൂടി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയിക്കുന്നത്. ബീഹാറിൽ നിന്ന് വന്ന രണ്ടാനമ്മയ്ക്കും അച്ഛനും ഒപ്പം കഴിയുന്ന കൊച്ചു കുട്ടികൾക്ക് മർദ്ദനവും പൊള്ളലുമേൽക്കുമ്പോൾ പരാതി പറയാൻ പോലും ആരുമുണ്ടായിരുന്നില്ല.
കൊച്ചു കൊച്ചു കാരണങ്ങൾ പറഞ്ഞാണ് രണ്ടാനമ്മ ചട്ടുകം ഉപയോഗിച്ച് മൂന്ന് കുട്ടികളുടേയും ദേഹത്ത് പൊള്ളൽ ഏൽപ്പിക്കാറുള്ളത്. പലപ്പോഴും ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാനമ്മ ഷീലാദേവി, കുട്ടികളുടെ അച്ഛൻ രാജേഷ് ശർമ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.