Image Credit: X/HateDetectors

Image Credit: X/HateDetectors

നന്ദിഹില്‍സിന് സമീപം ഹോംസ്റ്റെയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി കുടുംബം. ആണ്‍സുഹൃത്ത് യുവതിക്ക് ലഹരി നല്‍കിയെന്നും ലൗജിഹാദാണെന്നുമാണ് അമ്മയും സഹോദരനും ആരോപിച്ചു. ബനശങ്കരി സ്വദേശി സായി സുരഭിയാണ് മരിച്ചത്. മൃതദേഹത്തിനൊപ്പം ആണ്‍സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ സഞ്ജീത് അലിയെ അവശനിലയിൽ കണ്ടെത്തിയിരുന്നു. 

 

അടച്ചിട്ട റിസോർട്ട് മുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം. സുരഭിയെ ‌കൊലപ്പെടുത്തിയ ശേഷം അലി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. മുദ്ദേനഹള്ളിയിലെ സത്യ സായി ആശുപത്രിയില്‍ ഫിസോയതെറാപ്പിസ്റ്റാണ് മരിച്ച യുവതി. മെക്കാനിക്കല്‍ ബിരുദധാരിയായ സന്‍ജീത് അലി നിലവില്‍ ബെംഗളൂരുവില്‍ യൂബര്‍ ഡ്രൈവറാണ്. 

ശനിയാഴ്ച അലിയാണ് നന്ദി ഹില്‍സിന് സമീപത്തെ ഹോംസ്റ്റേയില്‍ മുറിയെടുത്തത്. പിന്നീട് സുരഭി ഇവിടേക്ക് എത്തുകയായിരുന്നു. പറഞ്ഞ സമയമായിട്ടും ചെക്ക്ഔട്ട് ചെയ്യാതിരുന്നതോടെ ഹോംസ്റ്റേ ജീവനക്കാര്‍ക്ക് അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ച്ചയായി വിളിച്ചിട്ടും അനക്കമില്ലാതിരുന്നതോടെ റിസോര്‍ട്ട് മാനേജ്മെന്‍റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കടന്ന പൊലീസാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് ചുറ്റും കയര്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. 

മൃതദേഹത്തിന് അരികിൽ അബോധാവസ്ഥയിലായിരുന്നു സഞ്ജീത് അലി. മുറിയിൽ നിന്നും ഡയറിയും ചില ഗുളികകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സുരഭിയെ കൊലപ്പെടുത്തിയ ശേഷം അലി ജീവനൊടുക്കാന്‍ അമിത അളവിൽ ഗുളികകൾ കഴിച്ചതാകാം എന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാളെ ഉടനെ അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവം ലൗ ജിഹാദാണെന്നാണ് മരിച്ച സുരഭിയുടെ അമ്മ ഗീതയും സഹോദരന്‍ ശങ്കര്‍ നാരായണനും ആരോപിച്ചു. 10 ദിവസം മുന്‍പാണ് സുരഭി സത്യസായി ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്. പോയി വരാനുള്ള സൗകര്യത്തിന് ചിക്കബല്ലാപൂരില്‍ ചെറിയ വീട് വാടകയ്ക്ക് എടുത്തിരുന്നു. വീക്കെന്‍ഡില്‍ ബനശങ്കരിയിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതാണ് പതിവ്. ശനിയാഴ്ച ആശുപത്രിയില്‍ പരിപാടിയുണ്ടെന്നും അവിടെ തങ്ങുമെന്നുമാണ് പറഞ്ഞിരുന്നതെന്നും അമ്മ ഗീത പറഞ്ഞു.

അലി സ്ഥിരമായി സുരഭിയെ പീഡിപ്പിക്കുമായിരുന്നുവെന്നും ഗീത ആരോപിച്ചു. മദ്യവും ലഹരിയും ഉപയോഗിപ്പിച്ചു. അലിയില്‍ നിന്നും പിരിഞ്ഞ ശേഷം റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിലെത്തിച്ചാണ് ലഹരിയില്‍ നിന്നും മോചിപ്പിച്ചത്. പിന്നീട് അലി വീണ്ടും മകളുമായി ബന്ധത്തിലായെന്നും ഗീത പറഞ്ഞു. കോളജില്‍ പഠിക്കുന്ന സമയത്താണ് അലിയുമായി സുരഭി പരിചയത്തിലാകുന്നതെന്ന് സഹോദരന്‍ ശങ്കരനാരായണന്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം അലി വീട്ടിലേക്ക് എത്താന്‍ തുടങ്ങി. ഇതോടെ അലിയുമായി അടുക്കുന്നതിനെ എതിര്‍ത്തിരുന്നു. അലി ഉപദ്രവിക്കുന്ന വിവരം സുരഭി വീട്ടിലറിയിച്ചിരുന്നുവെന്നും സഹോദരന്‍ ശങ്കരനാരായണന്‍ പറഞ്ഞു. 

സുരഭിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചിക്കബെല്ലാപ്പൂർ പോലീസ് സൂപ്രണ്ട് കുശാൽ ചൗക്‌സി പറഞ്ഞു. ഇരുവരും നേരത്തെ ബന്ധത്തിലായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം കണ്ണൂരിലേക്ക് ഒളിച്ചോടിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

The death of Sai Surabhi, a physiotherapist found deceased in a homestay near Nandi Hills, has sparked serious allegations from her family, who claim it was a case of "love jihad" and substance abuse. Her boyfriend, Sanjeeth Ali, a Kozhikode native, was discovered unconscious alongside her body, which showed signs of strangulation, leading police to suspect murder followed by a suicide attempt. Surabhi's mother and brother alleged that Ali had previously coerced her into drug use and physically abused her despite efforts to separate them. While police have confirmed their history—including a previous elopement to Kannur—investigations are ongoing to determine the full circumstances surrounding the tragedy.