AI Generated Representing Image
മുംബൈയില്‍ ‘ഹൈ-പ്രൊഫൈൽ’ പെൺവാണിഭ സംഘത്തെ തകര്‍ത്ത് പൊലീസ്. ഗിർഗാവിലും കല്യാണിലുമായി നടന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് സംഘത്തെ പിടികൂടിയത്. ഗിർഗാവിലെ ഹോട്ടലിൽ നിന്ന് രണ്ട് നടിമാരെയും കല്യാണിലെ ഓപ്പറേഷനിൽ നിന്ന് രണ്ട് യുവതികളെയും പൊലീസ് രക്ഷപ്പെടുത്തി.
ഗിർഗാവിലുള്ള ഒരു ഹോട്ടലിൽ പെണ്‍വാണിഭ സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റമറെന്ന വ്യാജേന പൊലീസ് ഹോട്ടലില്‍ എത്തുകയും വിവരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ശേഷം നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. ഈ സംഘത്തിന്‍റെ പിടിയില്‍ നിന്നും മറാഠി സിനിമയിലെ ഒരു മുൻനിര നടിയേയും ബംഗാളി സിനിമകളിലും ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള മറ്റൊരു നടിയേയും പൊലീസ് രക്ഷപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷയും സ്വകാര്യതയും മാനിച്ച് നടിമാരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സിനിമാരംഗത്തെ പല പ്രമുഖരുമായി ബന്ധമുള്ളയാളാണെന്നും പെണ്‍ വാണിഭ സംഘത്തിന്‍റെ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. അതേസമയം, ഹോട്ടൽ മാനേജ്‌മെന്റിന് ഈ റാക്കറ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും മറ്റാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, താനെയിലെ കല്യാണില്‍ സമാന ഓപ്പറേഷനില്‍, പ്രാക്ടീസ് ചെയ്യുന്ന വനിതാ അഡ്വക്കേറ്റാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് മാസമായി ഇവർ ഈ റാക്കറ്റ് നടത്തിവരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടർന്ന് താനെ പൊലീസിന്റെ ആന്റി-ഹ്യൂമൻ ട്രാഫിക് സെൽ നടത്തിയ റെയ്ഡിൽ രണ്ട് യുവതികളെ രക്ഷപ്പെടുത്തുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് കേസുകളിലും ഭാരതീയ ന്യായ സംഹിത, ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.