ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ അവരുടെ അവകാശങ്ങൾക്കായി പോരാടാൻ തീരുമാനിച്ചാൽ, ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്ക് ലഭിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മുംബൈയിൽ ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രഭാഷണത്തിലായിരുന്നു ഭാഗവതിന്‍റെ പ്രസ്താവന.
‘ബംഗ്ലാദേശിൽ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവിടെ താമസിച്ച് പോരാടാൻ അവർ തീരുമാനിച്ചാൽ, ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും അവരെ സഹായിക്കും’, മോഹൻ ഭാഗവത് പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യാ ക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളെ മുൻ ഗവൺമെന്റുകൾ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. ജനനനിരക്കിലെ മാറ്റങ്ങളും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണങ്ങളെന്നും നിലവിലെ സർക്കാർ ഇതിനെതിരെ നടപടി തുടങ്ങിയിട്ടുണ്ടെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
ആർഎസ്എസ് ജാതി വിവേചനം കാണിക്കുന്നില്ലെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. ഏത് ജാതിയിൽപ്പെട്ടവർക്കും ആർഎസ്എസ് മേധാവി ആകാം. എസ്‌സി-എസ്ടി വിഭാഗത്തിൽപ്പെട്ടത് ഒരു അയോഗ്യതയോ, ബ്രാഹ്മണനായി ജനിക്കുന്നത് ഒരു യോഗ്യതയോ അല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലെ വെല്ലുവിളികളെ സംഘർഷമില്ലാതെയാണ് സംഘം നേരിടുന്നത്. അവർ മോശം വാക്കുകൾ ഉപയോഗിച്ചാൽ പോലും തങ്ങൾ പ്രതികരിക്കാറില്ലെന്നും, അങ്ങനെ സംഘർഷം ഒഴിവാക്കാറുണ്ടെന്നും ഭാഗവത് വിശദീകരിച്ചു.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് പിന്നാലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ വലിയ തോതിലുള്ള അക്രമങ്ങൾ നടന്നിരുന്നു. കച്ചവടക്കാരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ ഈ കലാപങ്ങളിൽ കൊല്ലപ്പെട്ടു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രതികരണം.