AI Generated Image
ബിജെപി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ആക്രമിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ മഹാരാഷ്ട്രയിലെ സത്താറയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ഭാര്യയോടൊപ്പം ഹണിമൂണിന് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഡിസംബർ 19-ന് തിൽഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗരിയ മോഡിൽ ബിജെപി നേതാവ് ദിവാകർ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ അക്ഷയ് കടവും കൂട്ടാളികളും ചേർന്ന് ജീവനക്കാരെ മർദ്ദിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസുകാരോടും അക്ഷയ് മോശമായി പെരുമാറി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തിരുന്നു.
കേസിലെ രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അക്ഷയ് ഒളിവിലായിരുന്നു. ഇയാൾ മഹാരാഷ്ട്രയിലുണ്ടെന്ന വിവരം ലഭിച്ചയുടൻ പൊലീസ് സംഘം അവിടേക്ക് തിരിച്ചു. അതിനിടെ, അക്ഷയ് കടത്തിന്റെ വിവാഹ ചിത്രങ്ങൾ അടങ്ങിയ വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിവാഹ ചടങ്ങുകൾ നടന്ന ഹാളിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും അവിടെ നിന്നും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച സത്താറയിൽ വെച്ച് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് റിമാൻഡ് വാങ്ങി പ്രതിയെ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.
ഹണിമൂണിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അക്ഷയിനെ പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.