Image: Delhi Police,File Manorama
പുതുവര്‍ഷം പിറന്ന് 15 ദിവസത്തിനുള്ളില്‍ 800പേരെ കാണാതായി, അതില്‍ 500 പേര്‍ സ്ത്രീകളും പെണ്‍കുട്ടികളും. അങ്ങേയറ്റം ഭീതിയും ആശങ്കയും നിറയുന്ന റിപ്പോര്‍ട്ട് ആണ് ഡെല്‍ഹി പൊലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 1 മുതല്‍ 15വരെ, കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാണാതായ കേസുകള്‍ 807, കാണാതായ സ്ത്രീകള്‍ 509. അതായത് ശരാശരി 54 പേരെ ഓരോ ദിവസവും കാണാതാകുന്നു.
ഈ കേസുകളില്‍ 298 പേരാണ് പുരുഷന്‍മാരും ആണ്‍കുട്ടികളുമുള്ളത്. മൊത്തം 235 പേര്‍ക്ക് എന്തുസംഭവിച്ചെന്ന് വ്യക്തം. എന്നാല്‍ 572 പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ആകെ കാണാതായവരില്‍ 191 പേരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്നത് അതിഭീകരമായ ആശങ്ക ജനിപ്പിക്കുകയാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
146 പെണ്‍കുട്ടികളേയും 45 ആണ്‍കുട്ടികളേയുമാണ് ഇക്കാലയളവിനിടെ കാണാതായത്. ടീനേജ് പ്രായക്കാരെ കാണാതായ കേസുകളെടുക്കുമ്പോള്‍ 71ശതമാനം പേരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള 13പേരെയാണ് കാണാതായത്. എട്ടു വയസില്‍ താഴെയുള്ള ഒമ്പത് കുട്ടികളേയും ഈ പതിനഞ്ചു ദിവസത്തിനിടെ കാണാതായിട്ടുണ്ട്.
മിസ്സിങ് കേസുകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യതലസ്ഥാനത്ത് പുതുവര്‍ഷത്തില്‍ തന്നെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2025ല്‍ മാത്രം 24,500 പേരെയാണ് ഡല്‍ഹിയില്‍ കാണാതായത്. 60ശതമാനവും സ്ത്രീകള്‍ ആണ് അപ്രത്യക്ഷരായത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 2.3ലക്ഷം ആളുകളെ കാണാതായി, വെറും 52,000 കേസുകള്‍ മാത്രമാണ് ഇതില്‍ തീര്‍പ്പാക്കാനായിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്ക് എന്തുസംഭവിച്ചുവെന്നുപോലും ആര്‍ക്കും അറിയില്ല. ഇത്തരം കേസുകളില്‍ അന്വേഷണം വളരെ ഊര്‍ജിതമായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ അവകാശവാദം.