Image Credit: Instagram/dr.roy.cj
കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.സി.ജെ റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിട്ടുമില്ലെന്നും റോയിയുമായോ തിരിച്ചോ തര്‍ക്കമുണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴി നല്‍കി. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ആസ്ഥാനത്തെ സിസിടിവിയില്‍ ഇതെല്ലാം വ്യക്തമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോണ്‍ഫറന്‍സ് റൂമില്‍ കാണാമെന്ന് പറഞ്ഞാണ് റോയി സ്വന്തം കാബിനിലേക്ക് പോയതെന്നും മൊഴിയില്‍ വിശദീകരിക്കുന്നു. അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു റോയിയുടെ സഹോദരന്‍റെ ആരോപണം. ഇത് വാസ്തവമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. അതുകൊണ്ട് തന്നെ പരിശോധനയ്ക്കിടെ സ്വയം വെടിയുതിര്‍ത്ത് മരിക്കാനുള്ള ഒന്നും അന്നേ ദിവസം സംഭവിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേന്ദ്ര ഇന്‍റലിജന്‍സ് വകുപ്പും റോയിയുടെ സാമ്പത്തിക ഇടപാടുകളിന്‍മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റോയിയുടെ മരണത്തില്‍ കര്‍ണാടക പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണച്ചുമതല നല്‍കിയിരുന്നു. ബെംഗളൂരു വെസ്റ്റ് ജോയിന്‍റ് കമ്മിഷണര്‍ സി.വംശികൃഷ്ണയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ആദായ നികുതി വകുപ്പ് മൊഴി രേഖപ്പെടുത്തിയതിന് ശേഷമുള്ള അഞ്ച് മിനിറ്റ് ഇടവേള കഴിഞ്ഞ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നേകാലോടെയാണ് റോയ് തന്‍റെ കാബിനിലേക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്. 20 മിനിറ്റിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നെഞ്ചിന്‍റെ ഇടതുഭാഗം തുളഞ്ഞു കയറിയ വെടിയുണ്ട ശ്വാസകോശവും ഹൃദയവും തകര്‍ത്തതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ശരീരത്തിനുള്ളില്‍ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെത്തിയിരുന്നു. റോയി സ്വയം നിറയൊഴിക്കാന്‍ ഉപയോഗിച്ച തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സി.ജെ.റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. റോയിയുടെ 2019 ന് ശേഷമുള്ള സാമ്പത്തിക ഇടപാടുകള്‍ സെന്‍ട്രല്‍ ഇക്കണോമിക് ഇന്‍റലിജന്‍സ് ബ്യൂറോയുടെ കര്‍ശന നിരീക്ഷണത്തിന് വിധേയമായിരുന്നു. റോയിക്ക് പുറമെ അഞ്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെ കുറിച്ച് ബ്യൂറോ വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇത് ഇക്കണോമിക് ഇന്‍റലിജന്‍സ് കൗണ്‍സിലിന്‍റെ മുന്നിലെത്തി. തുടര്‍ന്നാണ് ഇതില്‍ നാലു കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
അതേസമയം, റോയിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടത്തുമെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരു ബൗറിങ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം എട്ടുമണിയോടെ ബെന്നാർഘട്ടയിലുള്ള കോൺഫിഡൻസ് ഗ്രൂപ്പിന്റെ റിസോർട്ടായ നേച്ചഴ്സ് ലക്ഷ്വറി കോൺഫിഡന്റ് കാസ് കാഡിലേക്ക് കൊണ്ട്പോകും.10 മുതൽ 12വരെയാണ് പൊതു ദർശനം. രണ്ടരയോടെ കല്‍ക്കെരെ സെന്‍റ് ജോസഫ്സ് പള്ളിയില്‍ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നടത്തും. റിസോര്‍ട്ടില്‍ അന്ത്യ വിശ്രമം ഒരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരം ഇവിടെയാകും സംസ്‌കരിക്കുക.