.
ഇന്ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെടും. പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമാക്കി കുറയ്ക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്കുന്നത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. റിപ്പബ്ലിക് ദിന അവധിയടക്കം തുടർച്ചയായ നാലാം ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്. ഏറെനാളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് പോകേണ്ടിവന്നതെന്ന് യൂണിയൻ നേതൃത്വം പറയുന്നു.
പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്കുകൾ പാസാക്കൽ, ഭരണപരമായ നടപടികൾ തുടങ്ങിയവ തടസ്സപ്പെടും. സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല.