സിപിഎമ്മിനെതിരെ ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനെ പുറത്താക്കിയെങ്കിലും പയ്യന്നൂരിലെ വിഭാഗീയത അവസാനിക്കില്ല. കുഞ്ഞികൃഷ്ണൻ പുറത്താണെങ്കിലും അനുകൂലികളായ നിരവധിപേർ പാർട്ടിയിലും ഏരിയ കമ്മിറ്റിയിലും ഉൾപ്പെടെയുള്ളത് വിഭാഗീയത രൂക്ഷമാക്കും. ടി.ഐ.മധുസൂദനന്റെ സ്ഥാനാർത്ഥിത്വ സാധ്യതയ്ക്കും ഇത് മങ്ങലേൽപ്പിക്കും. അതേസമയം, കുഞ്ഞികൃഷ്ണനെതിരായ സംഘടനാ നടപടി പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ ഇന്ന് റിപ്പോർട്ട് ചെയ്യും.

പയ്യന്നൂർ ഏരിയയിലെ രാമന്തളി , പെരളം, വെള്ളൂർ ലോക്കൽ കമ്മിറ്റികൾ കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരാണ്. പയ്യന്നൂർ സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികൾ മാത്രമാണ് ടി ഐ മധുസൂദനനെ പിന്തുണയ്ക്കുന്നവർ. കൊല്ലപ്പെട്ട ധനരാജിന്റെ വീട് ഉൾപ്പെടുന്ന കുന്നെരു മേഖലയിലും കുഞ്ഞികൃഷ്ണൻ അനുകൂലികളാണ് കൂടുതലും എന്നാണ് വിവരം. ഇക്കാര്യം സിപിഎം നേതൃത്വത്തിനറിയാം. ഏരിയ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും കുഞ്ഞികൃഷ്ണന് ഒപ്പമാണ് എന്നാണ് സൂചന. നേരത്തെ കുഞ്ഞികൃഷ്ണന് എതിരായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടും, കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനവും ഏരിയ കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും എതിർത്തിരുന്നു. ഇത് കുഞ്ഞികൃഷ്ണന്റെ സ്വീകാര്യതയാണ് സൂചിപ്പിക്കുന്നത്. 

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ജില്ലാ നേതൃത്വവും ഏരിയാ അംഗങ്ങളും രണ്ടു തട്ടിൽ ആകുന്നത് പാർട്ടിക്ക് ദോഷം ചെയ്യും. നിലവിൽ ടി.ഐ.മധുസൂദനനെയാണ് പയ്യന്നൂരിൽ മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നത്. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ കോളിളക്കവും വിഭാഗീയതയും മധുസൂദനന്റെ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കാൻ ഇടയുണ്ട്. മറിച്ച്, മധുസൂദനനെ മത്സരിപ്പിക്കാനാണ് തീരുമാനമെങ്കിൽ തിരിച്ചടി ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് ചേരുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ കുഞ്ഞികൃഷ്ണനെതിരായ നടപടി റിപ്പോർട്ട് ചെയ്യുമ്പോൾ  അംഗങ്ങൾ എത്രപേർ പിന്തുണയ്ക്കും എന്നത് ശ്രദ്ധേയമാകും. എന്നാൽ കുഞ്ഞികൃഷ്ണന് പരസ്യ പിന്തുണ അംഗങ്ങളിൽ നിന്ന് ലഭിക്കാൻ സാധ്യത കുറവാണ് . 

ENGLISH SUMMARY:

Kunhikrishnan expulsion may not end the factionalism within CPM Payyannur. Despite his removal, his supporters within the party and area committee could intensify the divide, potentially affecting T.I. Madhusoodanan's chances of contesting elections.