ആരും സ്വയം സ്ഥാനാർഥികൾ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയമാകുമ്പോൾ സ്ഥാനാര്‍ഥികളെ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സിറ്റിങ് എംഎൽഎമാർ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങള്‍ തന്നെ സ്ഥാനാർത്ഥിയാകും, ചിലപ്പോൾ മാറേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണം താൻ നയിക്കും എന്ന് പറഞ്ഞ പിണറായി വീണ്ടും മല്‍സരിക്കുമോയെന്ന് വ്യക്തമാക്കിയില്ല. തുടർഭരണം ഉറപ്പ് എന്ന് പ്രതീക്ഷ പങ്കുവെച്ച മുഖ്യമന്ത്രി പാർട്ടി നിർദ്ദേശിച്ച ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്ന ഉപദേശവും നൽകി. തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി ഇന്നലെ വൈകിട്ടായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത യോഗം ചേര്‍ന്നത്.
കോന്നിയിലും ആറന്മുളയിലും നിലവിലെ അംഗങ്ങൾ തുടരും എന്ന മട്ടിൽ ജില്ലാ സെക്രട്ടറി രാജു എബ്രഹാം പരാമർശം നടത്തിയിരുന്നു. ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ.യു.ജിനീഷ് കുമാറും തുടരുമെന്ന മട്ടിലായിരുന്നു ആ പരാമർശം, അതിനെതിരെ പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു.