കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് പൊലീസ്. ഒന്നിച്ചു മരിക്കാന്‍ വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം 24നാണ് യുവതിയെ എലത്തൂരിലെ വര്‍ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്ഥതയിലുള്ള വര്‍ക് ഷോപ്പാണിത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് വൈശാഖന്റെ പങ്ക് വ്യക്തമായത്. 

വര്‍ഷങ്ങളായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചെറിയ കാലം മുതല്‍ തന്നെ വൈശാഖന്‍ ഈ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. ഇതിനിടെ അടുത്ത കാലത്ത് യുവതി വിവാഹാവശ്യം നടത്തിയെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. കാര്യങ്ങളെല്ലാം യുവതി പുറത്തുപറയുമോയെന്ന് ഭയന്ന് പ്രതി യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 

ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് 24ാം തിയതി വൈശാഖന്‍ യുവതിയെ വര്‍ക് ഷോപ്പിലേക്ക് വിളിച്ചു വരുത്തിയത്. രണ്ട് പേര്‍ക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖന്‍ യുവതി കഴുത്തില്‍ കുരുക്കിട്ടയുടന്‍ സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാള്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു. 

പ്രണയം നടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പോക്സോ വകുപ്പുള്‍പ്പെടെ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വര്‍ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് കേസ് തെളിയിക്കാന്‍ പൊലീസിനു തുമ്പായി മാറിയത്. തട്ടമ്പാട്ടുത്താഴം  സ്വദേശികളാണ് യുവതിയും വൈശാഖനും. പ്രതിയെ ചോദ്യംചെയ്തു വരികയാണെന്ന് എലത്തൂര്‍ പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Elathur murder case reveals a shocking incident of betrayal and violence in Kozhikode. The police investigation confirmed that the woman's death was a planned murder, not a suicide, leading to the arrest of her friend Vaishakan.