AI Generated Image
ഭര്‍ത്താവിനെ കുടുക്കാന്‍ ബീഫ് ഓര്‍ഡര്‍ ചെയ്ത് യുവതി. ലഖ്നൗവിലാണ് സംഭവം. പശുക്കടത്തു കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്തുവന്നത്. ദാമ്പത്യ തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍ത്താവിന് പണികൊടുക്കാനുള്ള ഭാര്യയുടെ ശ്രമമെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു.
ജനുവരി 14-നാണ് കേസിന്റെ തുടക്കം. കാകോരി പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ വാഹനത്തില്‍ നിന്നും ഏകദേശം 12 കിലോഗ്രാം ബീഫ് പിടിച്ചെടുത്തിരുന്നു. ഇത് അമിനാബാദിലെ വ്യാപാരിയായ വാസിഫിന്റെ പേരിലായിരുന്നു ബുക്ക് ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാൽ സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് വാസിഫ് നിഷേധിച്ചതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഡെലിവറിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊലീസിനു നിരവധി സംശയങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വ്യാപാരിയുെട വ്യക്തിപരമായ ബന്ധങ്ങളിലേക്കും അന്വേഷണം നടത്തി. ദാമ്പത്യ തര്‍ക്കങ്ങളെത്തുടര്‍ന്ന് വാസിഫുമായി അകല്‍ച്ചയിലായിരുന്ന ഭാര്യ അമീനയും ഭോപ്പാൽ സ്വദേശിയായ സഹായി അമാനും സംഭവത്തില്‍ പ്രധാന പങ്കുവഹിച്ചതായി കണ്ടെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിലും സമാനമായ സംഭവം നടന്നിരുന്നതായും പൊലീസ് കണ്ടെത്തി. അന്ന് ഹസ്രത്ഗഞ്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നും പശുമാംസം കണ്ടെത്തിയതിനെ തുടർന്ന് വാസിഫിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
കേസില്‍ അമാന്‍ പൊലീസിന്റെ പിടിയിലായി. അമീന ഒളിവിലാണെന്നാണ് വിവരം. പ്രധാനപ്രതിയെ പിടികൂടാനുള്ള നീക്കങ്ങള്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ലഖ്‌നൗ ഹൈക്കോടതി പരിസരത്തുവച്ച് ഈ കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ തടഞ്ഞുവെക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായി ആരോപണമുയര്‍ന്നു. പിന്നാലെ പരാതി സമർപ്പിച്ചതോടെ കേസില്‍ ഗോമതി നഗറിലെ വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.