ഫയല്‍ ചിത്രം.

ഫയല്‍ ചിത്രം.

ബെംഗളൂരുവിലെ അഞ്ച് കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് പേപ്പര്‍ ബാലറ്റ് ഉപയോഗിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് തീരുമാനം. ഇത് തങ്ങളുടെ ആവശ്യം കൂടിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. നീക്കത്തെ ബിജെപി വിമര്‍ശിച്ചു. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ നിന്നും മാറി ബാലറ്റ് പേപ്പറിലേക്ക് പോകാനുള്ള തീരുമാനത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ കാരണം പറഞ്ഞില്ല. ഇതിന് നിയമപരമായ സാധുതയുണ്ടെന്നായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സി.എസ് സംഗ്രേഷി വ്യക്തമാക്കിയത്. 

പേപ്പര്‍ ബാലറ്റ് നിരോധിച്ചിട്ടില്ലെന്നും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ പോലും ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പുകൾ നടത്തുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് ചേരി ആരോപണത്തിന് പിന്നാലെയായിരുന്നു കര്‍ണാടക സര്‍ക്കാറിന്‍റെ നീക്കം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട മഹാദേവപുര അസംബ്ലിക്ക് കീഴില്‍ വോട്ടുചോരി നടന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. 

പതിറ്റാണ്ടുകളുടെ പുരോഗതിയെ അട്ടിമറിക്കുന്ന പിന്തിരിപ്പൻ നടപടിയെന്നാണ് കേന്ദ്രമന്ത്രി പ്രഹ്ളാദന്‍ ജോഷി ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഇവിഎം വിപ്ലവത്തിന്റെ വഴികാട്ടിയായിരുന്നു കർണാടക എന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Karnataka Election switches to paper ballots for Bangalore Corporation elections. The state election commission's decision, supported by the Chief Minister, faces criticism from the BJP and raises questions about the shift from electronic voting machines.