രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൗറ– ഗുവാഹത്തി സര്‍വീസാണ് ബംഗാളിലെ മാല്‍ഡ സ്റ്റേഷനില്‍ മോദി ഫ്ലാഗ് ഓഫ് ചെയ്തത്. മാൾഡയിൽ നിന്ന് ഗുവാഹത്തി- ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ മടക്കയാത്രയും അദ്ദേഹം ഓണ്‍ലൈനായി ഫ്‌ളാഗ് ഓഫ് ചെയ്തു. ആകെ 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്നത്. ഇതില്‍ നിയമ സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബംഗാള്‍– അസം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസിനാണ് മോദി തുടക്കം കുറിച്ചിരിക്കുന്നത്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ യാത്രക്കാർക്ക് കുറഞ്ഞ ചെലവില്‍ എയർലൈൻ യാത്രാനുഭവം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദീർഘദൂര യാത്രകൾ ഇനി കൂടുതൽ വേഗത്തിലും സുരക്ഷിതമായും സൗകര്യപ്രദമായും മാറും. ഹൗറ - ഗുവാഹത്തി യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയും ഇതിലൂടെ തീര്‍ഥാടനങ്ങള്‍ക്കും വിനോദസഞ്ചാരത്തിനും വലിയ ഉത്തേജനം നൽകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഉദ്ഘാടനത്തിന് ശേഷം മാൾഡയിൽ നടക്കുന്ന പൊതുപരിപാടിയിൽ ബംഗാളിലെയും വടക്കുകിഴക്കൻ മേഖലയിലെയും കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 3,250 കോടി രൂപയുടെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ബംഗാള്‍ നിയമാസഭാ തിരഞ്ഞെടുപ്പ് അടുക്കവേയാണ് പുതിയ സര്‍വീസിന്‍റെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ തറക്കല്ലിടലും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി.
New Delhi, Jan 03 (ANI): Union Minister Ashwini Vaishnaw visits to inspect the first Vande Bharat sleeper train at New Delhi Railway Station, in New Delhi on Saturday. (ANI Photo/Sumit)
പ്രത്യേകതകള്‍
മണിക്കൂറിൽ 180 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ ട്രെയിനിനാകും. എങ്കിലും പരമാവധി 120-130 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. 16 കോച്ചുകളുള്ള ട്രെയിനില്‍ ആകെ 823 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 11 എസി 3-ടയർ കോച്ചുകളും 4 എസി 2-ടയർ കോച്ചുകളും 1 ഫസ്റ്റ് എസി കോച്ചുമായിരിക്കും ഉണ്ടായിരിക്കുക. കുഷ്യൻ ബെർത്തുകൾ, മികച്ച സസ്പെൻഷൻ, ശബ്ദം കുറയ്ക്കൽ സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങി സുഗമമായ ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായ തരത്തിലാണ് കോച്ചുകള്‍ ഒരുക്കിയിട്ടുള്ളത്. മുകളിലെ ബര്‍ത്തിലേക്ക് കയറാന്‍ ചവിട്ടുപടികളും മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ചാര്‍ജറുകളും അടക്കം ആധുനിക സംവിധാനങ്ങളെല്ലാം ട്രെയിനിലുണ്ട്. കവച് സുരക്ഷാ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.
സ്ലീപ്പർ ട്രെയിനുകളിൽ കണ്‍ഫേം ടിക്കറ്റുകളുള്ള യാത്രക്കാർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ആർഎസി, വെയിറ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുകൾ അല്ലെങ്കിൽ ഭാഗികമായി സ്ഥിരീകരിച്ച ടിക്കറ്റുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കില്ല. സ്ത്രീകൾ, വികലാംഗർ, മുതിർന്ന പൗരന്മാർ, ഡ്യൂട്ടി പാസ് ഉടമകൾ എന്നിവർക്കുള്ള ക്വാട്ട നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ബാധകമാകും. അധിക ക്വാട്ടകൾ ലഭ്യമാകില്ല.
അതേസമയം 60 വയസിന് മുകളിലുള്ള പുരുഷ യാത്രക്കാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീ യാത്രക്കാർക്കും ലോവർ ബെർത്തുകൾ അനുവദിക്കുന്നത് ഉറപ്പാക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. പ്രത്യേക ബെർത്ത് ആവശ്യമില്ലാത്ത കുട്ടിയുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും ലഭ്യത അനുസരിച്ച് ലോവർ ബെർത്ത് അനുവദിക്കും.