തായ്‌ലന്റിലേക്കുള്ള ഇന്‍ഡിഗോ വിമാനം വൈകിയതിനെത്തുടര്‍ന്ന് പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ ഇറക്കിവിട്ടു. മുംബൈയില്‍ നിന്നുള്ള വിമാനം വൈകിയെത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. പിന്നാലെ ജീവനക്കാരുടെ ഡ്യൂട്ടിസമയം വൈകിയതോടെ വിമാനത്തില്‍ ക്രൂ ഇല്ലാത്ത സാഹചര്യവും വന്നു. തുടര്‍ന്നാണ് വിമാനം ഒമ്പത് മണിക്കൂര്‍ വൈകിയത്.
പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ ഇറക്കിവിടുകയും സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തു. എക്സില്‍ പങ്കുവച്ച വിഡിയോയില്‍ യാത്രക്കാര്‍ കാബിന്‍ ക്രൂവിനെ അധിക്ഷേപിച്ച് സംസാരിക്കുന്നതും ബഹളം വെയ്ക്കുന്നതും കേള്‍ക്കാം. ഒരു യാത്രക്കാരന്‍ കോക്ക്പിറ്റിന്റെ വാതിലിൽ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
വിമാനം വൈകുന്നതിനെക്കുറിച്ച് എയർലൈൻ അധികൃതർ കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം. പൈലറ്റ് കോക്ക്പിറ്റില്‍ നിന്നും പുറത്തുവന്ന് വൈകിയതിന്റെ കാരണം വ്യക്തമാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഏറെസമയം കാത്തിരിക്കേണ്ടി വന്നതോടെ യാത്രക്കാര്‍ക്ക് ഭക്ഷണവും ലഘുപാനീയങ്ങളും നല്‍കിയിരുന്നെന്നും സഹായത്തിനായി എയര്‍ലൈന്‍ എയര്‍പോര്‍ട്ട് ടീം സദാസമയം ഒപ്പമുണ്ടായിരുന്നുവെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍പറയുന്നു. നവംബര്‍ ഒന്നിന് വന്ന പുതിയ എഫ്‌ഡിടിഎൽ നിയമങ്ങൾ ഇന്‍ഡിഗോയില്‍ കടുത്ത പ്രവര്‍ത്തന പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്.