ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കുന്നതുള്‍പ്പെടെയുളള ലക്ഷ്യങ്ങള്‍ക്കായി യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്കി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ടൂറിസം, മരുന്നുകള്‍, തുറമുഖവികസനം എന്നീ മേഖലകളിലെ സഹകരണവും ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഒലെക്സാണ്ടർ പോളിഷ്ചൂക്.
ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സെലെന്‍സ്കിയുടെ സന്ദര്‍ശനത്തെക്കുറിച്ചും മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനത്തെക്കുറിച്ചും പോളിഷ്ചൂക് വാചാലനായത്. 2024ൽ റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്നതിനിടെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിച്ച സംഭവത്തെക്കുറിച്ച് പോളിഷ്ചൂക് എടുത്തുപറയുന്നു.
ചുരുക്കം ചില നേതാക്കള്‍ക്കു മാത്രം സാധിക്കുന്ന ധീരമായ നീക്കമായിരുന്നു മോദിയുടേതെന്നും സ്വതന്ത്ര യുക്രെയ്ൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടവും അന്നദ്ദേഹം നേടിയെന്നും പോളിഷ് ചൂക് പറയുന്നു. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ബിസിനസ് സഹകരണ പദ്ധതികളായിരിക്കും യുക്രെയ്ൻ ആസൂത്രണം ചെയ്യുകയെന്ന സൂചനയും പോളിഷ്ചൂക് നൽകി. സെലെൻസ്കിയുടെ ഇന്ത്യാ സന്ദർശനം അന്നേ തീരുമാനിച്ചതാണെന്നും പോളിഷ്ചൂക് കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് വ്ലോദിമിര്‍ പുട്ടിന്‍ കഴിഞ്ഞമാസമാണ് ഇന്ത്യയിലെത്തിയിരുന്നത്. ഈ പശ്ചാത്തലത്തില്‍ റഷ്യയോടുള്ള ഇന്ത്യന്‍ സമീപനത്തില്‍ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാകും സെലെന്‍സ്കിയുടെ വരവെന്നും സൂചനയുണ്ട്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ ഇന്നലെ വ്യക്തമാക്കിയിരുന്നു.