തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ പഞ്ചായത്ത് ഒരാഴ്ച്ചക്കിടെ കൊന്നുതള്ളിയത് 500 നായ്ക്കളെ. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. അടുത്തിടെ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തെരുവുനായ ശല്യം തീര്‍ക്കുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പു നല്‍കിയിരുന്നു.
കൊലപ്പെടുത്തിയ ശേഷം ഇവയെ ഗ്രാമത്തിലെ തന്നെ പ്രാന്തപ്രദേശങ്ങളിൽ കുഴിച്ചിട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 5 സര്‍പഞ്ചര്‍മാരുള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. നേരത്തേ ശായംപേട്ട് , ആരേപള്ളി എന്നിവിടങ്ങളിലായി 300 നായ്ക്കളെ കൊന്നതിന്റെ പേരില്‍ രണ്ട് വനിതാ സർപഞ്ചുമാരും അവരുടെ ഭർത്താക്കന്മാരും ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പുകളിലാണ് കുരങ്ങുകളുടേയും തെരുവുനായ്ക്കളുടേയും ശല്യം പരിഹരിക്കുമെന്ന് ജനപ്രതിനിധികള്‍ ഗ്രാമവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. സംഭവം പുറത്തുവന്നതോടെ മൃഗഡോക്ടർമാരുടെ സഹായത്തോടെ നായ്ക്കളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. അതേസമയം ഏതുതരത്തിലുള്ള വിഷമാണ് നായ്ക്കളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നറിയാന്‍ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കയച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം മച്ചറെഡ്ഡി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലൂടെയാണ് സംഭവം പുറത്തുവരുന്നത്. നായ്ക്കളില്‍ വിഷം കുത്തിവക്കാനായി ഒരാളെ പുറത്തുനിന്നും വാടകയ്ക്കെടുത്തതായും 5 ഗ്രാമങ്ങളിലെ സര്‍പഞ്ചുമാരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇത് ചെയ്തതെന്നും അദുലാപുരം ആരോപിക്കുന്നു.