കിടപ്പുരോഗിയെ വീടിനകത്തു കയറി നായ കടിച്ചു കൊന്ന തൃശൂര്‍ വെള്ളറക്കാട് ഗ്രാമം ഭീതിയില്‍. നായയെ പിടികൂടി നാട്ടുകാര്‍ തല്ലിക്കൊന്നു. പേവിഷബാധയുണ്ടോയെന്ന് വ്യക്തമല്ല.
എണ്‍പത്തിനാലുകാരിയെ വീട്ടില്‍ക്കയറി കടിച്ചുകൊന്ന തെരുവുനായയാണിത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് പിടികൂടി തല്ലിക്കൊന്നത്. എല്ല് പൊട്ടി രണ്ടു വര്‍ഷമായി കിടപ്പിലായിരുന്നു കാര്‍ത്ത്യായനി. എണീറ്റു നടക്കാന്‍ പരസഹായം വേണം. കൂട്ടിനുള്ള അറുപതുകാരന്‍ മകനാണെങ്കില്‍ മാനസികാരോഗ്യ പ്രശ്നങ്ങളും. അമ്മയ്ക്കും മകനും കടിയേറ്റു. കാര്‍ത്ത്യായനിയുടെ മുഖം നായ കടിച്ചുവികൃതമാക്കി. നായയുടെ കടിയേറ്റ മകനും ചികില്‍സ തേടി. ഇതിനു പുറമെ, നാട്ടുകാരായ മൂന്നു പേര്‍ക്കും കടിയേറ്റു. ഇവര്‍, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. വളര്‍ത്തുനായകളെയും കടിച്ചു.
ഇതുവരെ തെരുവുനായ ഈ ഭാഗത്ത് നാട്ടുകാരെ ഉപദ്രവിച്ചിട്ടില്ല. ടാപ്പിങ് തൊഴിലാളികള്‍ നായയെ പേടിച്ച് പുലര്‍ച്ചെ ടാപ്പിങ്ങിനും ഇറങ്ങുന്നില്ല. കുടുംബത്തിന് സഹായം നല്‍കാന്‍ സ്ഥലം എം.എല്‍.എ. കൂടിയായ എ.സി.മൊയ്തീന്‍ വീട്ടില്‍ എത്തിയിരുന്നു.