തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ എസ്റ്റേറ്റ് പടിയില്‍ പത്തൊന്‍പതു കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. പ്രളയകാലത്ത് മണ്ണിടിച്ചിലില്‍ നാലു പേരുടെ ജീവന്‍ നഷ്ടപ്പെട്ട കൊറ്റമ്പത്തൂരില്‍ നിന്ന് പുനരധിവസിപ്പിച്ച കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്.
റബര്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന കുന്നിന്‍മുകളിലാണ് ഈ വീടുകള്‍. താഴെ മണ്ണിടിഞ്ഞു. ഏതുസമയത്തും ഈ വീടുകള്‍ താഴേയ്ക്കു വരാം. കുന്നില്‍ നിന്ന് വെള്ളം മണ്ണില്‍ ദ്വാരം രൂപപ്പെട്ട് പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്. നിര്‍ധന കുടുംബങ്ങളാണ് ഇവിടുത്തെ താമസക്കാര്‍. ചരിഞ്ഞ പ്രതലമുള്ള ഭൂമിയില്‍ വീടു നിര്‍മിക്കുമ്പോള്‍ മണ്ണിടിച്ചില്‍ സാധ്യത പരിശോധിച്ചതുമില്ല.
കനത്ത മഴ വരുമ്പോള്‍ വെള്ളക്കെട്ടും രൂക്ഷമാണ്. പേടിച്ചുവിറച്ചു കഴിയുകയാണ് കുടുംബങ്ങള്‍. രാത്രിയില്‍ മഴ പെയ്യുമ്പോള്‍ നെഞ്ചില്‍ തീയാണ് കുടുംബാംഗങ്ങള്‍ക്ക്. മണ്ണിടിച്ചില്‍ തടയാനുള്ള പോംവഴി തേടാന്‍ റവന്യൂ, തദ്ദേശ ഉദ്യോഗസ്ഥര്‍ സ്ഥലംസന്ദര്‍ശിച്ചു.