ത്രിപുര സ്വദേശിയായ വിദ്യാര്‍ഥി എയ്ഞ്ചല്‍ ചക്മ ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ടതില്‍ കടുത്ത അമര്‍ഷവും ദുഃഖവും രേഖപ്പെടുത്തി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കൊലപാതകത്തിന് രാഷ്ട്രീയനിറം നല്‍കേണ്ടെന്നും മന്ത്രി. ചക്മയുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ത്രിപുരയില്‍ പ്രതിഷേധം ശക്തമായി.
ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ ചൈനക്കാരനെന്ന് ആരോപിച്ചാണ് എയ്ഞ്ചല്‍ ചക്മയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിനാകെ ദോഷകരമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. എന്തിനാണ് ജാതിയുടെയോ മതത്തിന്‍റെയോ നിറത്തിന്‍റെയോ പേരില്‍ അക്രമിക്കുന്നത്. സമൂഹം ഗൗരവത്തോടെ ഇക്കാര്യം ചിന്തിക്കണം. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുന്നു. അഞ്ചുപേരെ അറസ്റ്റ്ചെയ്തു എന്നും റിജിജു പറഞ്ഞു.
ബി.ജെ.പി പ്രചരിപ്പിക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയമാണ് കൊലപാതകത്തിന് കാരണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതിനിടെ കൊല്ലപ്പെട്ട എയ്ഞ്ചല്‍ ചക്മയുടെ കുടുംബത്തിന് ആദ്യഘട്ട ധനസഹായമായി 4,12,500 രൂപ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അനുവദിച്ചു. കൊലപാതകത്തില്‍ ത്രിപുരയില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഇന്ന് ചക്മ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി മണിക് സാഹയെ കാണും. ഇന്നലെ വിവിധയിടങ്ങളില്‍ മെഴുകുതിരി പ്രതിഷേധവും നടത്തി.