ഡെറാഡൂണിൽ വംശീയ അധിക്ഷേപം ചോദ്യം ചെയ്തതിനെത്തുടർന്ന് ആക്രമിക്കപ്പെട്ട ത്രിപുര സ്വദേശിയായ അഞ്ജൽ ചക്മ കൊല്ലപ്പെട്ടു. 14 ദിവസം ആശുപത്രിയിൽ മരണത്തോട് പോരാടിയ ശേഷമാണ് യുവാവ് അന്ത്യശ്വാസം വലിച്ചത്. പുറത്ത് വന്ന മെഡിക്കൽ റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
അക്രമികൾ ബ്രാസ് നക്കിൾസ് ഉപയോഗിച്ച് ഇടിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് അഞ്ജലിന്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും നട്ടെല്ലിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മർദ്ദനമേറ്റതിനെത്തുടർന്ന് ശരീരത്തിന്റെ വലതുഭാഗം തളർന്നുപോയിരുന്നു. കൈകളിലും കാലുകളിലും നിരവധി മുറിവുകളുണ്ടായിരുന്നതായും മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബിഎസ്എഫ് ഉദ്യോഗസ്ഥനായ തരുൺ പ്രസാദ് ചക്മയുടെ മകനാണ് അഞ്ജൽ. ഡിസംബർ 9-ന് സഹോദരൻ മൈക്കിളിനൊപ്പം സെലാകുയി മാർക്കറ്റിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. അക്രമികൾ അഞ്ജലിനെ ‘ചൈനക്കാരൻ’ എന്ന് വിളിച്ച് പരിഹസിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.
മണിപ്പൂർ സ്വദേശിയായ സൂരജ് ഖവാസും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. അഞ്ച് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ നേപ്പാളിലേക്ക് കടന്നതായി സംശയിക്കുന്നു. അഞ്ജലിന് നീതി തേടി ഡൽഹിയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ മെഴുകുതിരിയുമായി റാലി സംഘടിപ്പിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കൊല്ലപ്പെട്ട യുവാവിന്റെ പിതാവിനെ വിളിച്ച് അനുശോചനം അറിയിക്കുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി ഉറപ്പുനൽകുകയും ചെയ്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ സംഭവത്തെ ‘ഭീകരമായ വെറുപ്പിന്റെ കുറ്റകൃത്യം’ എന്ന് വിശേഷിപ്പിച്ചു. ഭരണകൂടം ഇത്തരം വിദ്വേഷങ്ങളെ സ്വാഭാവികവൽക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.