angel-chakma

ഉത്തരാഖണ്ഡിൽ വംശീയ ആക്രമണത്തിനിരയായി വിദ്യാർഥി എയ്‌ഞ്ചൽ ചക്‌മ (24) കൊല്ലപ്പെട്ട സംഭവത്തിൽ ത്രിപുരയിൽ വൻ പ്രതിഷേധം. ത്രിപുര സ്വദേശികളായ എയ്‌ഞ്ചൽ ചക്‌മയും സഹോദരൻ മൈക്കിളും ഡെറാഡൂണിലെ മാർക്കറ്റിൽ വെച്ചാണ് ആറംഗ സംഘത്തിന്റെ ക്രൂര മർദനത്തിനിരയായത്. 'ചൈനീസ്' എന്നുവിളിച്ചാണ് ഇരുവരെയും സംഘം ആക്രമിച്ചത്. 

ഡിസംബർ ഒൻപതിനായിരുന്നു സംഭവം. തങ്ങൾ ചൈനീസ് അല്ലെന്നും ഇന്ത്യക്കാരാണെന്നും കേണു പറഞ്ഞിട്ടും മാരകായുധങ്ങളുമായി ആക്രമിച്ച സംഘം എയ്‌ഞ്ചലിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽപിച്ചു. തടയാൻ ശ്രമിച്ച സഹോദരൻ മൈക്കിളിനെയും ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ് 17 ദിവസം ചികിത്സയിലായിരുന്ന എയ്ഞ്ചൽ 26 നാണ് മരണത്തിന് കീഴടങ്ങിയത്. ബിഎസ്എഫ് ജവാനായ തരുൺ ചക്മയുടെ മക്കളാണ് എയ്‌ഞ്ചലും മൈക്കിളും. 

എയ്‌ഞ്ചലിന്റെ മൃതദേഹം എത്തിച്ചപ്പോൾ വൻ പ്രതിഷേധമുണ്ടായി. ഡിസംബർ ഒൻപതിനു നടന്ന ആക്രമണത്തിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചെന്നും ഓൾ ഇന്ത്യ ചക്മ സ്‌റ്റുഡന്റ്സ് യൂണിയന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സമ്മർദത്തിനു ശേഷമാണ് നടപടിയുണ്ടായതെന്നും പിതാവ് ആരോപിച്ചു. ഡെറാഡൂണിലെ സ്വകാര്യ സർവകലാശാലയിൽ എംബിഎ അവസാനവർഷ വിദ്യാർഥിയായിരുന്നു എയ്ഞ്ചൽ. നല്ല പ്ലേസ്മെന്റ്റ് ഓഫർ ലഭിച്ചിരുന്നെന്നും പിതാവ് പറഞ്ഞു. 

കേസിൽ 5 പ്രതികളെ അറസ്‌റ്റ് ചെയ്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത 2 പേരെ ജുവനൈൽ ഹോമിലേക്കു മാറ്റി. നേപ്പാൾ സ്വദേശിയായ ഒരു പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാൻ 25,000രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രതികളെയും ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, ത്രിപുര മുഖ്യമന്ത്രി മനീക് സാഹയ്ക്ക് ഉറപ്പുനൽകി. 

ENGLISH SUMMARY:

Angel Chakma, a student, was tragically killed in Uttarakhand, sparking widespread protests. This incident highlights the issue of racial discrimination and the urgent need for justice and safety for all students.