വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങളും സമ്മാനങ്ങളും തിരികെ ചോദിച്ചതിന് 35-കാരിയായ യുവതിയെ ഭർത്താവും സഹോദരിയും ചേർന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിരാറിലാണ് സംഭവം നടന്നത്. കൽപ്പന സോണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
2015-ലായിരുന്നു കൽപ്പനയും മഹേഷ് സോണിയും തമ്മിലുള്ള വിവാഹം. വിവാഹശേഷം ഭർതൃവീട്ടിൽ കൽപ്പന കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ച നടന്ന തർക്കത്തിനിടെ, താൻ വീടുവിട്ടു പോകുകയാണെന്നും തനിക്ക് വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങളും ആഭരണങ്ങളും തിരികെ വേണമെന്നും കൽപ്പന ആവശ്യപ്പെട്ടു.
ഈ ആവശ്യത്തിൽ പ്രകോപിതരായ ഭർത്താവ് മഹേഷും സഹോദരി ദീപാലി സോണിയും ചേർന്ന് മാരകായുധം ഉപയോഗിച്ച് കൽപ്പനയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൽപ്പന മരണപ്പെട്ടു. ബാത്ത്റൂമിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, കടുത്ത മർദ്ദനമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സ്ഥിരീകരിച്ചു.
കൽപ്പന–മഹേഷ് ദമ്പതികൾക്ക് ഏഴ് വയസ്സുള്ള ഒരു മകളുണ്ട്. സംഭവസമയത്ത് കുട്ടി വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് അറസ്റ്റ് ചെയ്ത മഹേഷിനെയും ദീപാലിയെയും കോടതി ജനുവരി 2 വരെ കസ്റ്റഡിയിൽ വിട്ടു.