2025 ഡിസംബർ 26 മുതൽ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരുമാനത്തില്‍ നിന്നും 600 കോടി രൂപയുടെ നേട്ടം പ്രതീക്ഷിച്ചാണ് പുതിയ നിരക്ക് വര്‍ധന. നിലവില്‍ സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾ ഇനി ചെലവേറും.
പുതിയ ടിക്കറ്റ് ഘടന പ്രകാരം 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചത്. മെയിൽ/ എക്സ്പ്രസ് നോൺ- എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല. പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ നോൺ-എസി അല്ലെങ്കില്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റർ സഞ്ചരിക്കാന്‍ 10 രൂപ അധികമായി നല്‍കേണ്ടി വരും. അതേസമയം, സബർബൻ, സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഇടത്തരം വരുമാനമുള്ള വിഭാഗത്തിന് താങ്ങാനാവുന്ന ടിക്കറ്റ് വില നിലനിര്‍ത്താനായാണിത്.
പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ പ്രകാരം റെയിൽവേയുടെ വരുമാനം പ്രതിവർഷം 600 കോടി രൂപ വർദ്ധിക്കും. പ്രവർത്തന ചിലവുകളിൽ ഉണ്ടായ വർദ്ധനവാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റെയില്‍വേ പറയുന്നത്. നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രമുള്ള ചെലവ് 1,15,000 കോടി രൂപയായും പെൻഷൻ ചെലവ് 60,000 കോടി രൂപയായും വർദ്ധിച്ചിട്ടുണ്ടെന്നും റെയില്‍വേ പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ആകെ പ്രവർത്തന ചെലവ് 2,63,000 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. ഈ അധിക ബാധ്യത നികത്താന്‍ ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളിൽ വര്‍ധിപ്പിക്കാനും ശ്രമിക്കുന്നതായി റെയിൽവേ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ജൂലൈയിവും റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എ.സി ക്ലാസുകളിലെ യാത്രാനിരക്ക് കിലോമീറ്ററിന് ഒരു പൈസയും എ.സി ക്ലാസുകളിലെ യാത്രാനിരക്ക് കിലോമീറ്ററിന് രണ്ട് പൈസയും വർദ്ധിപ്പിച്ചിരുന്നു. അതിനുമുമ്പ്, 2020 ജനുവരി 1 ന് ഓർഡിനറി, മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ സെക്കൻഡ് ക്ലാസ് നിരക്ക് യഥാക്രമം കിലോമീറ്ററിന് 1 പൈസയും 2 പൈസയും വർദ്ധിപ്പിച്ചിരുന്നു. സ്ലീപ്പർ ക്ലാസുകളിലെയും എസി ക്ലാസുകളിലെയും നിരക്ക് കിലോമീറ്ററിന് 2 പൈസയും 4 പൈസയും വർദ്ധിപ്പിക്കുകയും ചെയ്തു. യാത്രാനിരക്കുകളിൽ വര്‍ധിപ്പിച്ചെങ്കിലും ചരക്ക് നീക്കത്തിനുള്ള നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. പ്രവർത്തന ചിലവുകൾ വർദ്ധിച്ചിട്ടും 2018ന് ശേഷം ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.