Image Credit: Manorama
പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2020 മുതല്‍ ഇതുവരെ ഒന്‍പത് ലക്ഷത്തിലേറെപ്പേര്‍ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കണക്ക്. 2022 മുതല്‍ പ്രതിവര്‍ഷം രണ്ടുലക്ഷത്തിലേറെപ്പേര്‍ വീതം പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നുവെന്നാണ് പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കുവയ്ക്കപ്പെട്ട വിവരം. 2011നും 2024നും ഇടയില്‍ 20 ലക്ഷത്തിലേറെപ്പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ടെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലാണ് പ്രകടമായ വളര്‍ച്ചയുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡിന് ശേഷവും ഇന്ത്യയില്‍ നിന്ന് നാടുവിടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ ലക്ഷങ്ങള്‍ പൗരത്വം ഉപേക്ഷിച്ച് നാടുവിടാന്‍ കാരണമെന്തെന്ന ചോദ്യത്തിന് അതൊക്കെ തീര്‍ത്തും സ്വകാര്യമായ കാര്യങ്ങളാണെന്നും വ്യക്തികള്‍ക്ക് മാത്രമേ അറിയുകയുള്ളൂവെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ മറുപടി. ആഗോള തൊഴില്‍ സാഹചര്യത്തെയും സാധ്യതകളെയും ഇന്ത്യ മനസിലാക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്‍റെ മറുപടിയില്‍ ഉണ്ട്. യു.കെ, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് ആളുകള്‍ പൗരത്വം ഉപേക്ഷിച്ച് കുടിയേറുന്നത്.
അതേസമയം, ആളുകള്‍ മെച്ചപ്പെട്ട ജീവിതവും തൊഴില്‍ സാഹചര്യങ്ങളും നോക്കി മറ്റു രാജ്യങ്ങളിലേക്ക് ചേക്കാറാനുള്ള പരിശ്രമം 1970കള്‍ മുതല്‍ തീവ്രമായി നടത്തുന്നുണ്ടെന്നും പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ അത് കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2020കളിലാണ് ഇത് പാരമ്യത്തിലെത്തുന്നെതന്നും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 1970കള്‍ മുതല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാണ് മുന്‍പ് രാജ്യം വിടുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്നതെങ്കില്‍ ഇന്ന് സമ്പന്നരാണ് പൗരത്വം ഉപേക്ഷിക്കുന്നതില്‍ മുന്നില്‍.
ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കാത്തതാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നു. യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ അതാണ് എല്ലാത്തരത്തിലും മികച്ചതെന്ന ചിന്ത ആളുകളിലുണ്ടാകുന്നുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വളരെ വേദനയോടെയാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നും ഇരട്ട പൗരത്വം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുന്നയിക്കുന്നവരും കുറവല്ല.
ഇന്ത്യന്‍ നിയമം അനുസരിച്ച് ഇന്ത്യന്‍ പൗരനായ ഒരാള്‍ മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യയിലെ പൗരത്വം സ്വാഭാവികമായും നഷ്ടപ്പെടും. ഇതോടെ വോട്ട് ചെയ്യാനുള്ള അവകാശവും സാമൂഹിക–സുരക്ഷാ ആനുകൂല്യങ്ങളും അനിശ്ചിതകാലം രാജ്യത്ത് താമസിക്കാനുള്ള അവകാശവും നഷ്ടമാകും. ഇതിന് പുറമെ പൊതുമേഖല ജോലിയും ലഭ്യമാകില്ല. ഓവര്‍സീസ് പൗരത്വമുള്ളവര്‍ക്ക് വീസരഹിത യാത്രകള്‍ നടത്താനും സാമ്പത്തിക അവകാശങ്ങളും ലഭിക്കുമെങ്കിലും വോട്ട് ചെയ്യാനോ, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ ഭരണഘടനാ പദവികള്‍ വഹിക്കാനോ സാധ്യമല്ല.