എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. പത്തരയ്ക്ക് വര്‍ണാഭമായ പരേഡ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. രാഷ്ട്രപതി എത്തുന്നതോടെ 90 മിനിറ്റ് നീളുന്ന പരേഡിന് കര്‍ത്തവ്യപഥില്‍ തുടക്കമാകും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമെത്തുന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യം ഇന്നുവരെ കരസ്ഥമാക്കിയ സൈനിക നേട്ടങ്ങളും പുത്തന്‍ ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രദര്‍ശിപ്പിക്കും.
യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയ്ൻ എന്നിവരാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികൾ. റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് വന്‍ സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.
അതേ സമയം റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജാതി - മത വിവേചനങ്ങളില്ലാതെ എല്ലാ മനുഷ്യരും സാഹോദര്യത്തോടെ കഴിയുന്ന ഇടമാണ് മാതൃകാപരമെന്ന ഗുരുവിന്‍റെ വാക്കുകളാണ് രാഷ്ട്രപതി ഉദ്ധരിച്ചത്. കൊളോണിയല്‍ ശേഷിപ്പുകള്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്നും രാഷ്ട്രപതിയുടെ പ്രഖ്യാപനം.
പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ചരിത്രപരമായ വിജയത്തിന് കരുത്തേകിയത്. ദേശസ്നേഹം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ് റിപ്പബ്ലിക് ദിനം. രാജ്യം ആദ്യം എന്ന മനോഭാവത്തോടെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.