പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ തുടക്കം. പ്രസംഗത്തിനിടെ വി ബി ജി റാം ജി നിയമം ഉയര്‍ത്തി പ്രതിപക്ഷം രണ്ടുതവണ പ്രതിഷേധിച്ചു. സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളായിരുന്നു അഭിസംബോധനയില്‍ ഉടനീളം നിറഞ്ഞുനിന്നത്.
ബജറ്റ് സമ്മേളനത്തിന്‍റെ ദിശ വ്യക്തമാക്കുന്നതായിരുന്നു ആദ്യദിനം. രാഷ്ട്രപതി അഭിസംബോധന തുടങ്ങിയപ്പോള്‍തന്നെ വി ബി ജി റാം ജി ഉയര്‍ത്തി പ്രതിപക്ഷ ബഹളം. പ്രസംഗത്തിനിടെ രാഷ്ട്രപതി പുതിയ തൊഴിലുറപ്പു നിയമം പരാമര്‍ശിച്ചതോടെ വീണ്ടും പ്രതിപക്ഷം എഴുന്നേറ്റു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഗ്രാമീണ തൊഴില്‍ മേഖലയുടെ ഉന്നമനത്തിനാണ്
ജി റാം ജി നിയമമെന്നും തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി ഇല്ലാതാക്കുമെന്നും ദ്രൗപതി മുര്‍മു. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ചു.പരമ്പരാഗത രീതിയില്‍ കുതിരവണ്ടിയില്‍ എത്തിയ രാഷ്ട്രപതിയെ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും ചേര്‍ന്ന് സ്വീകരിച്ചു. നാളെ ധനമന്ത്രി സാമ്പത്തിക സര്‍വേ മേശപ്പുറത്തുവയ്ക്കും.