സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി ഇരുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പാലക്കാട് ശ്രീനിവാസൻ വധമടക്കം വിവിധ കേസുകളിൽ ഒളിവിലുള്ള പ്രതികൾക്കായാണ് എൻ.ഐ.എ തിരച്ചിൽ നടത്തിയത്.
പുലർച്ചെ അഞ്ച് മണിയോടെയാണ് പോപ്പുലർ ഫ്രണ്ടിൻ്റെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി ഒരേസമയം പരിശോധന ആരംഭിച്ചത്. പാലക്കാട് ശ്രീനിവാസൻ വധക്കേസ്, പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്നുള്ള കേസുകൾ എന്നിവയിൽ ഏതാനും പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇവർക്ക് വേണ്ടിയായിരുന്നു എൻ.ഐ.എയുടെ പരിശോധന.
ശ്രീനിവാസൻ വധക്കേസ് പ്രതികളായയ പാലക്കാട് തൃത്താല കണ്ണന്നൂരിലെ റഷീദ്, നസീഫ് എന്നിവരുടെ വീടുകളിൽ രാവിലെ 7 മണിയോടെയാണ് പരിശോധന തുടങ്ങിയത്. കൂറ്റനാട് വാവനൂരിലെ ഷഹീറിന്റെ വീട്ടിലും പട്ടാമ്പി മുതുതല കാരക്കുത്തിലും എൻ.ഐ.എ പരിശോധന നടത്തി. SDPI ജില്ലാ സെക്രട്ടറി ബഷീർ മൗലവിയുടെ വീട്ടിൽ രാവിലെ 5 മണിയോടെ എത്തിയ സംഘം 10 മണിവരെ പരിശോധന നടത്തിയ ശേഷം മടങ്ങി. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, ചെങ്ങമനാട്, പനങ്ങാട്, വൈപ്പിൻ അടക്കം എട്ടിടങ്ങളിലും തൃശൂർ ജില്ലയിലെ ചാവക്കാടും 9 മണിയോടെ പരിശോധന പൂർത്തിയായി.