സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപവും തിരക്കേറിയ പൊതുസ്ഥലങ്ങളിലും മല്‍സ്യ മാംസ വില്‍പന നിരോധിച്ച് ബിഹാർ സർക്കാർ . ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾ പരിഗണിച്ചാണ് ഈ നിർണായക നീക്കമെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പ്രഖ്യാപിച്ചു. നഗരവികസന വകുപ്പി പരിശോധിച്ച് വിദഗ്ധരുടെ അഭിപ്രായവും ലഭിച്ച ശേഷമാണ് പുതിയ ഉത്തരവിറക്കിയത്.

തുറന്ന  മാംസ വിൽപ്പന കുട്ടികളിൽ അക്രമവാസന വളർത്താൻ കാരണമാകുമെന്നും അത് തടയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ ചട്ടപ്രകാരം ലൈസൻസുള്ളവർക്ക് മാത്രമേ വിൽപനയ്ക്ക് അനുമതിയുണ്ടാകൂ. റോഡരികിലെ കടകളിൽ വഴിയാത്രക്കാർ കാണുന്ന രീതിയിൽ മാംസമോ ഭക്ഷ്യാവശ്യത്തിനുള്ള മൃഗങ്ങളെയോ പ്രദർശിപ്പിക്കാൻ പാടില്ല. ജനങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുകയല്ല സർക്കാരിന്‍റെ ലക്ഷ്യമെന്നും, മറിച്ച് പൊതുസ്ഥലങ്ങളിലെ ശുചിത്വവും പരിസ്ഥിതിയും സംരക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്ത് നിലവിലുള്ള അനധികൃത വിൽപന ശാലകൾക്കെതിരെ കർശന നടപടിയുണ്ടാകും. സാമൂഹിക വികാരം വ്രണപ്പെടാതിരിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ഈ നിയന്ത്രണം അത്യാവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. നേരത്തെ ഉത്തർപ്രദേശും സമാനമായ രീതിയിൽ ആരാധനാലയങ്ങൾക്ക് 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപന നിരോധിച്ചിരുന്നു. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിനായി നഗരവികസന വകുപ്പ് വിശദമായ ചട്ടങ്ങൾ രൂപീകരിച്ചു വരികയാണ്.

ENGLISH SUMMARY:

The Bihar government has banned the open sale of meat and fish near schools and places of worship. Deputy CM Vijay Kumar Sinha stated that the move aims to ensure hygiene and prevent violent tendencies in children