AI IMAGE

സുഹൃത്തിനെ വിശ്വസിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിം കാർഡും കൈമാറിയ എൻജിനീയറിങ് വിദ്യാർഥി ചെന്നുപെട്ടത് വൻ ചതിക്കുഴിയിൽ. വെറും രണ്ട് ദിവസത്തിനുള്ളിൽ വിദ്യാർഥിയുടെ അക്കൗണ്ടിലൂടെ സൈബർ കുറ്റവാളികൾ വെളുപ്പിച്ചത് ഏഴ് കോടിയിലധികം രൂപയാണ്. ബെംഗളൂരുവിലെ കോളജിൽ പഠിക്കുന്ന പത്തൊൻപതുകാരനാണ് തന്‍റെ അക്കൗണ്ട് വിവരങ്ങള്‍ സുഹൃത്തിന് നൽകിയതിലൂടെ കുരുക്കിലായത്.

തന്‍റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്നും കുറച്ചുദിവസത്തേക്ക് ഇടപാടുകൾ നടത്താൻ അക്കൗണ്ട് വേണമെന്നും പറഞ്ഞ് സുഹൃത്തായ ആയുഷ് സമീപിച്ചപ്പോഴാണ് യുവാവ് സഹായിക്കാൻ തീരുമാനിച്ചത്. ഒരു വർഷത്തെ സൗഹൃദത്തിന്‍റെ വിശ്വാസത്തിൽ ബാങ്ക് പാസ്‌ബുക്ക്, എടിഎം കാർഡ്, നെറ്റ് ബാങ്കിങ് വിവരങ്ങൾ എന്നിവയ്ക്ക് പുറമെ അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാർഡും സുഹൃത്തിന് അയച്ചു കൊടുത്തു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് കോടികളുടെ കള്ളപ്പണ ഇടപാട് നടന്ന വിവരം വിദ്യാർഥി അറിയുന്നത്.

പത്തൊമ്പതുവയസുള്ള ഒരാളുടെ അക്കൗണ്ടിലൂടെ ഇത്തരത്തില്‍ സംശയാസ്പദമായ രീതിയിൽ പണം ഒഴുകിയതോടെ സർക്കാർ ഏജൻസികൾ ബാങ്കിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഷെൽ കമ്പനികൾ വഴിയാണ് പണം എത്തിയതെന്ന് കണ്ടെത്തി. ഉടൻ തന്നെ നോർത്ത് സൈബർ ക്രൈം പൊലീസിൽ പരാതിപ്പെട്ട യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഫെബ്രുവരി 20-ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, അടുത്ത ദിവസം തന്നെ സംഭവത്തിൽ ഉൾപ്പെട്ട 23 വയസുകാരനായ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു.

വിദേശത്തുള്ള സൈബർ മാഫിയകൾക്ക് ആയുഷ് ഈ അക്കൗണ്ട് വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. 'മ്യൂൾ അക്കൗണ്ട്' ആയി ഇത് മാറ്റിയ ശേഷം നാട്ടിലുള്ള ഏജന്റുമാരെ ഉപയോഗിച്ച് പണം വെളുപ്പിക്കുകയായിരുന്നു സംഘത്തിന്റെ രീതി. സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്ന ഈ വൻ ശൃംഖലയെ തകർക്കാൻ ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിൽ ഊർജിത അന്വേഷണം നടന്നുവരികയാണ്. തട്ടിപ്പിനെക്കുറിച്ച് അറിവില്ലായിരുന്നതിനാൽ നിലവിൽ വിദ്യാർഥിക്കെതിരെ നടപടിയൊന്നുമില്ലെങ്കിലും പ്രധാന പ്രതിയായ ആയുഷിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

A 19-year-old engineering student in Bangalore landed in trouble after his friend used his bank account to launder over ₹7 crore in just two days. The cyber crime police have launched a massive investigation into this 'mule account' scam.