Image Credit:facebook/meemu
കുടുംബ വഴക്കിനിടെ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും യുവാവ് വെടിവച്ചുകൊന്നു. യുഎസിലെ ജോര്‍ജിയയിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായതെന്നും കുട്ടികളാണ് വിവരം പൊലീസില്‍ അറിയിച്ചതെന്നും അറ്റ്ലാന്റയിലെ ഇന്ത്യന്‍ മിഷന്‍ അറിയിച്ചു. ഇന്ത്യക്കാരായ മീമു ദോഗ്ര (43), ഗൗരവ് കുമാര്‍ (33), നിധി ചന്ദേര്‍ (37), ഹരീഷ് ചന്ദേര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഗ്വിന്നെറ്റ് കൗണ്ടി പൊലീസ് അറിയിച്ചു. സംഭവത്തില്‍ മീമുവിന്‍റെ ഭര്‍ത്താവ് വിജയ് കുമാര്‍ (51) അറസ്റ്റിലായി.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പൊലീസിലേക്ക് അടിയന്തര സന്ദേശമെത്തിയത്. കുട്ടികളാണ് വിവരം പൊലീസിലറിയിച്ചത്. വഴക്ക് രൂക്ഷമാകുന്നത് കണ്ടതോടെ ഭയന്നുപോയ കുട്ടികള്‍ അലമാരയ്ക്കുള്ളില്‍ കയറി ഒളിച്ചു. വെടിയൊച്ച കേട്ടതും പൊലീസില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കുട്ടികളെ സുരക്ഷിതരായി ബന്ധുവിനൊപ്പം മാറ്റിയെന്ന് പൊലീസ് അറിയിച്ചു.
വിജയ് കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി. സംഭവസ്ഥലത്ത് പൊലീസെത്തുമ്പോള്‍ നാലുപേരും രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. വെടിയൊച്ച കേട്ടതായി അയല്‍ക്കാരും പൊലീസിന് മൊഴി നല്‍കി. അമ്മയെയും ബന്ധുക്കളെയും നഷ്ടമായ കുട്ടികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അറ്റ്ലാന്‍റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു