indigonew

ഇന്‍ഡിഗോയ്ക്കെതിരെ കേന്ദ്ര നടപടി. അഞ്ച് ശതമാനം ശൈത്യകാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. എട്ടാം ദിവസവും പ്രതിസന്ധി തുടരുന്നു. ഇന്നും അഞ്ഞൂറിനടത്ത് സര്‍വീസുകള്‍ റദ്ദാക്കി. വിമാന യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കണമെന്ന് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ശേഷിക്കപ്പുറം കൂടുതല്‍ സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തുകയാണ് എന്നാരോപിച്ചാണ് ഡിജിസിഎ അഞ്ച് ശതമാനം ശൈത്യകാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത്. പുതുക്കിയ ഷെഡ്യുളുകൾ ഏതൊക്കെയെന്ന് നാളെ വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്നും കേന്ദ്ര വ്യോമയാനമന്ത്രാലയം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. നാളെയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് ഇന്‍ഡിഗോ ആവര്‍ത്തിക്കുമ്പോഴും ഇന്നും സര്‍വീസ് മുടക്കത്തിന് മാറ്റമുണ്ടായില്ല. ഉച്ചവരെ അഞ്ഞൂറോളം സര്‍വീസുകള്‍ രാജ്യവ്യാപകമായി മുടങ്ങി.

വിമാന യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കണമെന്ന് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ വലയ്ക്കുന്ന നിലയിലാകരുതെന്നും പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. എല്ലാ എയർലൈൻ കമ്പനികളുമായും വ്യോമയാന മന്ത്രാലയം കൂടിക്കാഴ്ച നടത്തും. സർവീസുകളുടെ സ്ഥിതി വിലയിരുത്തും. ഭാവിയിൽ സമാന പ്രതിസന്ധികൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച. കാരണം കാണിക്കൽ നോട്ടിസിന് ഇൻഡിഗോ നൽകിയ മറുപടിയിൽ ഡിജിസിഎ തൃപ്തരെല്ലെന്നാണ് വിവരം. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെയും ഡിജിസിഎ രൂപീകരിച്ച നാലംഗ അന്വേഷണ സമിതി വിളിച്ചുവരുത്തും.

ENGLISH SUMMARY:

Indigo flight cancellations are causing significant disruption to air passengers in India. The DGCA has taken action, and the Aviation Ministry is holding meetings to address the issue and prevent future occurrences.