ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് മകനെയും മകളെയും വിഷം കൊടുത്ത് കൊന്നശേഷം യുവാവ് സ്വയം ജീവനൊടുക്കി. ഉത്തർപ്രദേശില്‍ ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മൂന്നുപേരും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
ബാബുറാം മകൻ ദീപാൻഷുവിനെയും മകൾ ഹർഷികയെയും മുബാറക്പൂർ ഖാദർ ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് ബാബുറാം ആദ്യം കുട്ടികൾക്കു വിഷം നൽകുകയും പിന്നീട് സ്വയം വിഷം കഴിക്കുകയും ചെയ്തെന്ന് ചാന്ദ്പൂർ സർക്കിൾ ഓഫിസർ ദേശ്ദീപക് സിങ് പറഞ്ഞു.
മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ബാബുറാമും ഭാര്യയും തമ്മിൽ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി വീട്ടുകാർ പറയുന്നു. ബാബുറാമിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. മക്കളുടെ മൃതദേഹം കുടുംബാംഗങ്ങൾ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.