ലക്ഷങ്ങളുടെ വളർത്തുപന്നികളെ വാങ്ങിയശേഷം പണം ചോദിച്ചെത്തുന്ന കർഷകരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും മടക്കി അയക്കുന്ന ഗുണ്ടാസംഘം സജീവം. കോതമംഗലം പോത്താനിക്കാട് സ്വദേശിയായ അറവുശാല ഉടമയാണ് ഫാം ഉടമകളെ ആയുധങ്ങളുമായി ആക്രമിച്ച് മടക്കി അയക്കുന്നത്. പരാതി നൽകിയിട്ടും സ്ഥിരം ഗുണ്ടായിസം കാണിക്കുന്ന പോത്താനിക്കാട് സ്വദേശി സ്മിത്തിനെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം.

മലപ്പുറം ജില്ലയിലെ വിവിധ ഫാമുകളിൽ നിന്ന് വളർത്തു പന്നികളെ കൊണ്ടുപോയ ശേഷം കഴിഞ്ഞ ആറുമാസമായി പണം നൽകാതെ കബളിപ്പിക്കുന്നത് ചോദ്യം ചെയ്യാനാണ് ബിഗ് ഫാം അസോസിയേഷന്റെ ജില്ലാ ഭാരവാഹികൾ കോതമംഗലം പോത്താനിക്കാട് എത്തിയത്. പണം നൽകാനുളള സ്മിത്ത് തന്നെ അറവുശാലയിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് പണം ചോദിച്ചതോടെ ഏഴോ എട്ടോ ഗുണ്ടകളെ കൂടി ഒപ്പം ചേർത്ത് ആയുധങ്ങളുമായി ആക്രമിച്ചു എന്നാണ് പരാതി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് ഫാം ഉടമകൾ സമാനമായ തട്ടിപ്പിനും ആക്രമണത്തിനും ഇരയായിട്ടുണ്ടെന്നാണ് വിവരം. ഗുണ്ടകളെ നേരിടാനുള്ള കരുത്തില്ലാത്തതുകൊണ്ട് കിട്ടാനുള്ള പടം ഉപേക്ഷിക്കേണ്ട ഗതികേടിലാണ് പല ഫാം ഉടമകളും.

പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി വൈകുകയാണ്.

ENGLISH SUMMARY:

Farmer harassment is rampant in Kerala, with a gang targeting piggery owners after purchasing livestock. This has led to financial losses and a sense of helplessness among many farm owners who are afraid to pursue their dues.