തോന്നും പോലെ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തല്‍ ഇനി നടക്കില്ല. വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് കേന്ദ്ര വ്യോമയാനമന്ത്രാലയം. ആഭ്യന്തര സര്‍വീസുകള്‍ക്കാണ് നിയന്ത്രണം. 500 കിലോമീറ്റര്‍ വരെ പരമാവധി 7,500 രൂപ വിമാനകൂലിയായി നിശ്ചയിച്ചു. ഇന്‍ഡിഗോ പ്രതിസന്ധിക്കിടെ എയർ ഇന്ത്യ അടക്കം വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി.
500 - 1000 കിലോമീറ്റര്‍ വരെ പരമാവധി 12,000 രൂപ വരെ മാത്രമെ ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ സാധിക്കുകയുള്ളൂ. 1000 - 1500 കിലോമീറ്റര്‍ വരെ 15,000 രൂപയും 1500 കിലോമീറ്റര്‍ ദൂരപരിധിക്ക് മുകളില്‍ 18,000 രൂപയും വിമാനക്കൂലി പരിധിയായി നിശ്ചയിച്ചു. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണം ഉടന്‍ പ്രാബല്യത്തില്‍ വരും. നേരത്തെ കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്ര വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയത്. വിമാന കമ്പനികൾ അസാധാരണമായ വിധം ഉയർന്ന വിമാന കൂലി ഈടാക്കുന്നതിനെ കുറിച്ചുള്ള ആശങ്കകൾ ഗൗരവമായി എടുത്തിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കൂടിയതില്‍ എയര്‍ ഇന്ത്യയുടെ വിശദീകരണം പുറത്തുവന്നു. ഡിസംബർ നാല് മുതൽ ടിക്കറ്റ് വിലയിൽ പരിധി ഏർപ്പെടുത്തിയിരുന്നുവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. പ്രീമിയം ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവയിൽ മാത്രമാണ് അവസാന നിമിഷം ടിക്കറ്റ് ലഭ്യമായിരിക്കുക. അതുകൊണ്ടാണ് നിരക്ക് ഉയർന്നുനിൽക്കുന്നതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. തേർഡ് പാർട്ടി സൈറ്റുകളിലെ സ്ക്രീൻ ഷോട്ടുകളാണ് നിലവില്‍ പ്രചരിക്കുന്നതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
അതേസമയം, ഇന്നും ഇന്‍ഡിഗോയുടെ 600 അടുത്ത് സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. ഡിസബംര്‍ 15 നുള്ളില്‍ പ്രതിസന്ധി തീരുമെന്നാണ് സൂചന. ഡിസംബർ അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ക്യാൻസലായ ടിക്കറ്റുകൾക്ക് ഉടൻ റീഫണ്ട് ലഭ്യമാക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.