വിമാനക്കമ്പനികളുടെ പരാതിയെ തുടര്‍ന്ന് വിവാദ നിര്‍ദേശം പിന്‍വലിച്ച് ഡി.ജി.സി.എ. പ്രതിവാരവിശ്രമവും അവധിയും രണ്ടായി നല്‍കണമെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്. പൈലറ്റുമാരുടെ രാത്രി ഡ്യൂട്ടി നിര്‍ദേശത്തിലും ഇളവ് വരുത്തി. വിമാനകമ്പനികളുടെ പരാതിയിലാണ് നടപടി. പൈലറ്റുമാര്‍ സഹകരിക്കണമെന്ന് ഡി.ജി.സി.എ അഭ്യര്‍ഥിച്ചു.
Also Read: വിമാനം റദ്ദാക്കി; സല്‍ക്കാരത്തിനെത്താന്‍ സാധിക്കാതെ നവദമ്പതികള്‍; ഒടുവില്‍ പോംവഴി
അതേസമയം ഇന്ന് ഇന്‍ഡിഗോയുടെ 600ല്‍ അധികം സര്‍വീസുകളാണ് മുടങ്ങിയത്. ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ ആഭ്യന്തര സര്‍വീസുകള്‍ അര്‍ധരാത്രി വരെ നിര്‍ത്തിവച്ചു. കേന്ദ്ര സര്‍ക്കാര്‍ കുത്തകളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലം ജനം അനുഭവിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അതിനിടെ ഇന്‍ഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാന ടിക്കറ്റുകള്‍ക്ക് തീവിലയായി. വന്‍ നിരക്ക് വര്‍ധനയുമായി എയര്‍ ഇന്ത്യ. കേരളത്തിലേക്കുള്ള നിരക്ക് അരലക്ഷത്തിനടുത്ത് എത്തി. കൊച്ചി–ഡല്‍ഹി വിമാനടിക്കറ്റുകളുടെ കുറഞ്ഞ നിരക്ക് 44,000 രൂപയായി
ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരെയും വലച്ചു. കൊച്ചിയില്‍ നിന്നുള്ള 13 വിമാനങ്ങള്‍ വൈകി. കുവൈറ്റ്, റായ്പ്പുര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ ഒരു മണിക്ക് പോകേണ്ട ഷാര്‍ജ വിമാനം ഇതുവരെയും പുറപ്പെട്ടില്ല. ആറു വിമാനസര്‍വീസുകള്‍ വൈകുകയും നാലെണ്ണം റദ്ദാക്കുകയും ചെയ്തു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള നാല് ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങി. അബുദാബി,ദമാം,ദുബായ്,ഹൈദരബാദ് സർവീസുകളാണ് മുടങ്ങിയത്. അബുദാബിയിലേക്കുള്ള പുലർച്ചെ ഒന്നേകാലിനു പുറപ്പെടുന്ന വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് യാത്രക്കാർ ബഹളമുണ്ടാക്കി. മണിക്കൂറുകളോളം ടെർമിനലിനുള്ളിൽ കാത്തിരുന്ന യാത്രക്കാർക്ക് ഭക്ഷണം നൽകിയില്ലെന്നും പരാതിയുണ്ട്. ഇൻഡിഗോയുടെ കണ്ണൂർ സർവീസുകളും റദ്ദാക്കി. അബുദാബിയിൽ നിന്നുള്ള സർവീസും തിരിച്ചുമുള്ള സർവീസുമാണ് റദ്ദാക്കിയത്. രാവിലെ പതിനൊന്നരയ്ക്ക് മുംബൈയിലേക്ക് പോകേണ്ട സർവീസും വൈകുകയാണ്. നാലരക്ക് പുറപ്പെടുമെന്നാണ് പുതിയ അറിയിപ്പ്