യുഎഇയില്‍ വീണ്ടും ഇറാന്‍ ആക്രമണം. ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് യുഎഇയില്‍ പലയിടത്തായും കുവൈറ്റിലും വീണ്ടും ഇറാന്‍ ആക്രമിച്ചത്. ഇതോടെ ഇറാനില്‍ ഇടക്കാല നേതൃത്വ കൗണ്‍സിലിന്റെ തീരുമാനത്തിനുമപ്പുറമാണ് കാര്യങ്ങളെന്ന സംശയം ബലപ്പെട്ടു. 

 

Also Read: 18 മണിക്കൂറിനുള്ളില്‍ എവിടെയും വിന്യസിക്കാം; സൈന്യത്തെ ഒരുക്കി യു.എസ്; ട്രംപിന്‍റെ മനസില്‍ കരയുദ്ധം?

അയല്‍ക്കാരെ ആക്രമിച്ചതിന് മാപ്പെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗള്‍ഫില്‍ വീണ്ടും ആക്രമണം. യുഎഇ, ഖത്തര്‍, ദുബായ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഒരേസമയം ആണ് ആക്രമണം. മിസൈലുകളെയൊക്കെ പ്രതിരോധിച്ചു. അബുദാബിക്കു സമീപമുള്ള അൽ ദഫ്റ വ്യോമതാവളത്തിലെ യുഎസ് എയർ കോംബാറ്റ് സെന്ററിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ റെവലൂഷനറി ഗാർഡ്സ് സ്ഥിരീകരിച്ചത് മിതവാദിയായ പ്രസിഡന്റിന്റെ ഉറപ്പിന് നേരെയുള്ള പരസ്യമായ വെല്ലുവിളിയായി. 

 

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നീക്കമുണ്ടായില്ലെങ്കില്‍ തിരിച്ചടിക്കില്ലെന്നും ഗള്‍ഫിന് നേരെയുളള ആക്രമണം സൈന്യത്തിന്റെ ആശയക്കുഴപ്പം കൊണ്ടാണെന്നുമായിരുന്നു പെസഷ്കിയാന്റെ ന്യായം.  തുടര്‍ച്ചയായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ അവശിഷ്ടങ്ങള്‍ വീണതോടെ അടച്ചിട്ട ദുബായ് വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. എയര്‍ലൈന്‍ അറിയിച്ചാല്‍ ടിക്കറ്റുമായി എത്താം . വിമാനസര്‍വീസ് ഉടന്‍ പുനഃരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് എത്താമെന്നും എമിറേറ്റ്സ് അറിയിച്ചു. ഖത്തർ എയർവേയ്‌സ് ലണ്ടൻ, പാരിസ്, മഡ്രിഡ്, റോം, ഫ്രാങ്ക്ഫർട്ട്, ബാങ്കോക്ക് എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് നാളെ പരിമിത സർവീസുകൾ നടത്തും.  ഇന്ന് രാവിലെയും ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ  എന്നിവിടങ്ങളിൽ  തുടർച്ചയായി ആക്രമണമുണ്ടായിരുന്നു. 

ENGLISH SUMMARY:

Iran attacks UAE and Kuwait follow Iran's presidential apology, leading to fears that events are beyond the interim leadership council's control. These attacks, occurring shortly after Iran's President Masoud Pezeshkian apologized for attacking neighbors, have raised concerns about regional stability.