TOPICS COVERED

യാത്രക്കാരെ വലച്ച് തുടര്‍ച്ചയായ മൂന്നാംദിനവും ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുന്നൂറോളം സര്‍വീസുകളാണ് രാജ്യവ്യാപകമായി റദ്ദാക്കിയത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതാണ് ഇന്‍ഡിഗോ സര്‍വീസുകളെ ബാധിക്കുന്നത്. ബെംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നു കൊച്ചിയിലേക്കുള്ള സർവിസുകളും റദ്ദാക്കി.

ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു അടക്കം പ്രധാന വിമാനത്താവളങ്ങളില്‍നിന്നുള്ള ഇന്‍ഡിഗോയുടെ ആഭ്യന്തര, രാജ്യന്തര വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. നിരവധി വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. വിമാന താവളത്തിലെത്തിയ യാത്രക്കാര്‍ ഇന്നും നട്ടംതിരിഞ്ഞു.

പൈലറ്റുമാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിനെ തുടര്‍ന്നുള്ള പ്രശ്നമാണ് ഇന്‍ഡിഗോ സര്‍വീസുകളെ ബാധിക്കുന്നത്. സര്‍വീസുകള്‍ റദ്ദാക്കപ്പെടുന്നതില്‍ ഇടപെട്ട ഡിജിസിഎ ഇന്‍ഡിഗോ അധികൃതരെ വിളിപ്പിച്ചു. റിപ്പോര്‍ട്ട് തേടിയെന്നും അന്വേഷണം നടത്തുന്നുവെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞമാസവും 1,232 സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. ഇൻഡിഗോയുടെ ഓഹരി വിലയും ഇടിഞ്ഞു. ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്‍റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് ഓഹരി 3.40 ശതമാനമാണ്  ഇടിഞ്ഞത്. ചെക് ഇൻ സംവിധാനത്തിലെ തകരാർ, കാലാവസ്ഥ എന്നിവ മൂലം കഴിഞ്ഞദിവസങ്ങളില്‍ എയര്‍ ഇന്ത്യാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.

ENGLISH SUMMARY:

Indigo flight cancellations are causing major disruptions for travelers. The cancellations, affecting both domestic and international routes, are due to pilot duty time adjustments, prompting intervention from the DGCA and impacting Indigo's share price.