ഡൽഹിയിൽ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം സുരക്ഷാ ഭീഷണിയെത്തുടർന്ന് ലഖ്‌നൗവിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.
വിമാനത്തിനുള്ളിലെ ശുചിമുറിയിൽ നിന്ന് ലഭിച്ച കൈപ്പടയിലുള്ള കുറിപ്പാണ് പരിഭ്രാന്തിക്ക് കാരണമായത്. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് രജനീഷ് വർമ്മ പറയുന്നതനുസരിച്ച്, ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ ‘വിമാനത്തിൽ ബോംബ് ഉണ്ട്’ എന്ന് എഴുതി വെച്ചിരിക്കുകയായിരുന്നു.
യാത്രക്കാർക്കുണ്ടായ അസൗകര്യം കുറയ്ക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അവർക്ക് ലഘുഭക്ഷണവും കൃത്യമായ അപ്ഡേറ്റുകളും നൽകുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു. യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വിമാനത്തിൽ 238 യാത്രക്കാരും പൈലറ്റുമാരും ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ് നടത്തിയ വിമാനം നിലവിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ലഖ്‌നൗ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് സ്ക്വാഡും സിഐഎസ്എഫ് സംഘവും ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചു. യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കി പരിശോധനകൾ പൂർത്തിയാക്കി.
രാവിലെ 8:46-ഓടെയാണ് വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ലഭിച്ചത്. തുടർന്ന് 9:17-ഓടെ വിമാനം സുരക്ഷിതമായി ലഖ്‌നൗവിൽ ലാൻഡ് ചെയ്തു. 222 മുതിർന്നവരും 8 കുട്ടികളും ഉൾപ്പെടെ 230 യാത്രക്കാരും 2 പൈലറ്റുമാരും 5 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.