കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ വ്യാപകമായ സര്‍വീസ് തടസങ്ങള്‍ക്ക് പിന്നാലെ ഇന്‍ഡിഗോയ്ക്ക് പിഴയിട്ട് ഡിജിസിഎ. സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയതിനും വൈകിയതിനുമാണ് പിഴ. 22.20 കോടി രൂപ പിഴയാണ് വിമാനകമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്. പിഴ കൂടാതെ ഇൻഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്.
മാനേജ്മെന്‍റ് തലത്തിലും പ്രവര്‍ത്തനത്തിലും ആസൂത്രണത്തിലുമുണ്ടായ പിഴവുകളാണ് തടസങ്ങള്‍ക്ക് കാരണമായതെന്ന അന്വേഷണ സമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ (എംഒസിഎ) നിർദ്ദേശപ്രകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) രൂപീകരിച്ച നാലംഗ സമിതിയാണ് വിഷയം അന്വേഷിച്ചത്. സമിതി വിശദമായ അന്വേഷണം നടത്തുകയും ഇൻഡിഗോ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് പ്ലാനിംഗ്, റോസ്റ്ററിംഗ്, സോഫ്റ്റ്വെയർ എന്നിവയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു.
2025 ഡിസംബർ 3 നും 5 നും ഇടയിലാണ് വലിയ തോതിലുള്ള വിമാനം വൈകലുകളും റദ്ദാക്കലുകളും ഉണ്ടായത്. ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാനങ്ങൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തു. ഇത് ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളെയും മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെയും വലച്ചിരുന്നു.
ഇൻഡിഗോയ്ക്ക് മതിയായ ഓപ്പറേഷണല്‍ ബഫറുകൾ നിലനിർത്താൻ കഴിഞ്ഞില്ലെന്നും പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രൂ, വിമാനം, വിഭവശേഷി എന്നിവ പരമാവധി ഉപയോഗിക്കുന്നതിലാണ് മാനേജ്മെന്‍റ് അമിത ശ്രദ്ധ പുലര്‍ത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്തതിന് ഒരു ദിവസം 30 ലക്ഷം രൂപ വീതം 68 ദിവസത്തിനുള്‍പ്പെടെയാണ് പിഴ ചുമത്തിയത്.
അതേസമയം, മൊത്തത്തിലുള്ള മേൽനോട്ടത്തിലും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും പാളിച്ചയുണ്ടായെന്ന് കാണിച്ച് ഇൻഡിഗോ സിഇഒയ്ക്കും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും ഡിജിസിഎ നിർദേശിച്ചു. ഡിജിസിഎയുടെ ഉത്തരവ് ലഭിച്ചതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.