This image taken from video provided by WABI television, emergency services work on a scene of the Bombardier Challenger 600 crash at the Bangor Airport in Maine, late Sunday, Jan. 25, 2026. (WABI via AP)

യുഎസിലെ ബാംഗര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ േടക്ക് ഓഫിനിടെ ബിസിനസ് ജെറ്റ് തകര്‍ന്നുവീണ് ആറുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 7.45നാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് ബാംഗർ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ബുധനാഴ്ച വരെ വിമാനത്താവളം തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു.

വിമാനം തകര്‍ന്നുവീഴാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു. മറിഞ്ഞ നിലയില്‍ നിലത്തുവീണ വിമാനം തീഗോളമാവുകയായിരുന്നു. വിമാനത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നതെന്ന് ഫ്ലൈറ്റ് മാനിഫെസ്റ്റില്‍ വ്യക്തമാവുന്നു. 

സ്വകാര്യ ബോംബാർഡിയർ ചാലഞ്ചർ 600 ശ്രേണിയില്‍പ്പെട്ട ജെറ്റാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ എട്ടുപേരുണ്ടായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീടാണ് ആറു യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ എന്ന് വിമാനത്താവള വക്താവ് ഐമി തിബൊഡോ സ്ഥിരീകരിച്ചത്. അപകടസ്ഥലത്തേക്ക് നാഷണൽ ഗാർഡും പ്രാദേശിക അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. 

അതേസമയം അപകടസമയത്ത് താപനില ഏകദേശം 2 ഡിഗ്രിയായിരുന്നു. കാറ്റിന്റെ തണുപ്പിൽ മൈനസ് 13 ഡിഗ്രിയായി അനുഭവപ്പെട്ടുവെന്നും നേരിയ മഞ്ഞുവീഴ്ച ഉണ്ടായിരുന്നുവെന്നും നാഷണൽ വെതർ സർവീസ് അറിയിച്ചു. വടക്കുകിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 10 മൈൽ വേഗതയിൽ കാറ്റും വീശിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കാലാവസ്ഥയിലെ കടുത്ത വെല്ലുവിളി തന്നെയാകും അപകടകാരണമെന്ന വിലയിരുത്തലിലാണ് യുഎസ്. 

ENGLISH SUMMARY:

Plane crash kills six in Maine. A business jet crashed during takeoff at Bangor International Airport, resulting in the death of six people, prompting an investigation and temporary airport closure.