Image: Video stills
അസ്ഥാനത്തുപോയി റീല്‍സ് എടുത്ത് സോഷ്യല്‍മീഡിയയിലിട്ട് വൈറലായതിനു പിന്നാലെ ഇന്ത്യക്കാരന് നാടുകടത്തല്‍ ഭീഷണി. വാഷിങ്ടണ്‍ ഡിസിയിലെ രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്യുന്ന വീഡിയോ ആണ് മധു രാജു എന്ന യുവാവിന് എട്ടിന്റെ പണി കൊടുത്തത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നോണ്‍ ഇമിഗ്രന്റ് വീസയില്‍ താമസിക്കുന്ന യുവാവിനെ നാടുകടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഒരു യുവതിക്കൊപ്പം നാഷണല്‍ മാളിലെ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്യുന്ന വിഡിയോയാണ് മധു രാജു ടിക് ടോകില്‍ പങ്കുവച്ചത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത 1.6 കോടി അമേരിക്കന്‍ സൈനികരുടേയും ജീവന്‍ വെടിഞ്ഞ നാലു ലക്ഷത്തിലധികം സൈനികരുടേയും സ്മരണാര്‍ത്ഥം നിര്‍മിക്കപ്പെട്ടതാണ് ഈ സ്മാരകം. അങ്ങേയറ്റം ആദരവോടെ യുഎസ് ജനത എത്തിച്ചേരുന്ന ഇടത്താണ് ഇന്ത്യന്‍ വംശജന്റെ വൈറല്‍ ഡാന്‍സ്.
ഇത് രാജ്യത്തോടും സൈനികരോടുമുള്ള അനാദരവാണെന്ന് കാട്ടി ൈസനിക സംഘടനകളും സോഷ്യല്‍മീഡിയയും ഒരുപോലെ രംഗത്തെത്തി. ത്യാഗത്തിന്റേയും നിശബ്ദതയുടേയും ആദരവിന്റേയും സ്മാരകത്തില്‍ വന്ന് ഇത്തരം പ്രവൃത്തി ചെയ്യുന്നത് രാജ്യത്തെ നിയമങ്ങള്‍ പോലും കാറ്റില്‍പ്പറത്തിയാണെന്നും ഇയാള്‍ക്കെതിരെ നടപടി അനിവാര്യമാണെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു.
വിദേശരാജ്യത്തു താമസിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചുവെന്നും സോഷ്യല്‍മീഡിയയില്‍ കുറ്റപ്പെടുത്തലുകളുണ്ട്. അതേസമയം ഇന്ത്യന്‍ വംശജര്‍ തന്നെ ഇയാളുടെ വിഡിയോക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ പോരാടാനായി ഇന്ത്യ 25 ലക്ഷത്തിലധികം സൈനികരെ അയച്ചിട്ടുണ്ടെന്നും ഇത്തരം സ്മാരക കേന്ദ്രങ്ങള്‍ തമാശ കാണിക്കാനുള്ള ഇടമല്ലെന്നും ഇന്ത്യക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിക്കുന്നു. കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ഇയാളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
വിഡിയോക്കെതിരെ പ്രതിഷേധം കനത്തതോടെ മധുരാജുവിനെക്കുറിച്ചുള്ള വിവരങ്ങളടക്കം പലരും പങ്കുവയ്ക്കുന്നുണ്ട്. നിലവില്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. വീസ നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായോ എന്ന് പരിശോധിച്ച ശേഷം വീസ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് യുഎസ് നീങ്ങിയേക്കാം.