• ഭര്‍ത്താവ് ശിശുപീഡകനാണെന്ന് ആരോപിച്ച് വിഡിയോ പങ്കുവച്ചതിനു പിന്നാലെ ഇന്‍ഫ്ലുവന്‍സര്‍ കൊല്ലപ്പെട്ടു

ടിക് ടോക് വിഡിയോയിലൂടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ഇന്‍ഫ്ലുവന്‍സറായ യുവതിയെ വെടിവച്ചുകൊലപ്പെടുത്തി. അമേരിക്കയിലെ ഒക്‌ലഹോമയിലാണ് സംഭവം. ഇന്‍ഫ്ലുവന്‍സര്‍ സാറ ഗിൽസണ്‍(43) ആണ് കൊല്ലപ്പെട്ടത്. യുവതിയുമായി അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവ് ജെറമിയ ഷാണ്‍ഡഫി(48) കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് തുള്‍സയ്ക്കു സമീപത്തുള്ള കോളിന്‍സ് വില്ലയില്‍ ദാരുണസംഭവം നടന്നത്. രാത്രി 11.15ഓടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് ഒരു കോളെത്തി. പിന്നാലെ ഒരു സ്ത്രീയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. ഇതിനുപിന്നാലെ കോള്‍ കട്ടാവുകയായിരുന്നു. തുടര്‍ന്ന് സാറയുടെ മകന്‍ അയല്‍വീട്ടിലെത്തി  പൊലീസിനെ വിളിച്ച് അമ്മയെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയതായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന സാറയേയും ഭര്‍ത്താവിനേയുമായിരുന്നു. 

കൊലപാതകത്തിനും ദിവസങ്ങള്‍ മുന്‍പായിരുന്നു സാറ തന്റെ ടിക് ടോക് വിഡിയോയിലൂടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.  എന്റെ ഭര്‍ത്താവ് ഒരു ശിശു പീഡകനാണെന്നും, ഇതിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മിക്കുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും’ –സാറ വിഡിയോയില്‍ പറഞ്ഞു. ജൂലൈ 11ന് പങ്കുവച്ച ഈ വിഡിയോ ദിവസങ്ങൾക്കുള്ളിൽ ഒന്നരക്കോടിയിലധികം ആളുകളാണ് കണ്ടത്. അതേസമയം തന്നെ സംഭവത്തിന്റെ തലേദിവസം ജൂൺ 10ന് ഭർത്താവ് ജെറമിയയിൽ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സാറ കോടതിയെ സമീപിച്ചിരുന്നു. ജെറമിയയുടെ കൈവശം ആയുധങ്ങളുണ്ടെന്നും അയാൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സാറ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ഇതേദിവസം തന്നെ മറ്റൊരു സ്ത്രീയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ബാസ്ക്കറ്റ് ബോള്‍ പരിശീലകനായ ജെറമിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും കാര്യം ആരോടും പറയാതിരിക്കാനായി പണം നല്‍കിയെന്നും യുവതി ആരോപിച്ചിരുന്നു. യുവതികള്‍ ഉന്നയിച്ച പരാതികളില്‍ അന്വേഷണം ആരംഭിച്ചു. അതേസമയം തന്നെ ഈ സംഭവത്തോടെ അമേരിക്കയില്‍ കൊല്ലപ്പെടുന്ന സ്ത്രീകളില്‍ പകുതിയിലധികവും പങ്കാളികളാലാണെന്ന ചര്‍ച്ചകളും സജീവമാകുകയാണ്.  യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (CDC) കണക്കുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. 

ENGLISH SUMMARY:

A 43-year-old US influencer, Sarah Gilson, was shot and killed by her estranged husband, Jeremiah Shanduff, in Collinsville, Oklahoma, after which he took his own life. The tragedy occurred shortly after Sarah posted a viral TikTok video accusing her husband, a basketball coach, of being a child predator. Prior to the incident, Sarah had filed for a protective order citing gun threats, alongside another formal complaint from a woman accusing Jeremiah of inappropriately behaving with a minor. The incident has renewed discussions in the US regarding Centers for Disease Control and Prevention (CDC) statistics on intimate partner violence against women.