blo-suicide-note

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്ന വോട്ടര്‍പട്ടിക പരിഷ്കരണത്തിന്‍റെ ജോലിഭാരം താങ്ങാനാകാത്ത ബിഎല്‍ഒമാരുടെ വാര്‍ത്തകള്‍ സ്ഥിരമായിരിക്കുകയാണ്.  എസ്ഐആറിന്‍റെ ജോലി സമ്മര്‍ദം പലരെയും ജീവന്‍ അവസാനിപ്പിക്കുക എന്ന കടുംകൈയിലേക്ക് വരെ തള്ളിവിട്ടു. അത്തരത്തില്‍ ലക്നൗവില്‍ ആത്മഹത്യ ചെയ്ത ബി.എല്‍.ഒയുടെ അവസാന വിഡിയോ സന്ദേശം പുറത്തുവന്നിരിക്കുകയാണ്.

ജോലിഭാരം കാരണം 20 ദിവസമായി താന്‍ ഉറങ്ങിയിട്ടെന്നും താന്‍ കടുംകൈ ചെയ്യാന്‍ പോവുകയാണെന്നുമാണ് വിഡിയോയില്‍ കരഞ്ഞുകൊണ്ട് ബിഎല്‍ഒ പറയുന്നത്. മൊറാദാബാദിലെ സർക്കാർ സ്കൂൾ അധ്യാപകനും ബിഎൽഒയുമായ സർവേശ് കുമാറാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.

'എന്നോട് ക്ഷമിക്കൂ. അമ്മേ, എന്റെ മക്കളെ നോക്കണം. ഞാൻ ഈ തെര‍ഞ്ഞെടുപ്പ് ജോലിയിൽ തോറ്റു. 20 ദിവസമായി ഉറങ്ങാനാവുന്നില്ല. എനിക്ക് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ ഈ ജോലി തീർക്കാമായിരുന്നു. എനിക്ക് നാല് ചെറിയ കുട്ടികളാണ്. എന്നോട് ക്ഷമിക്കണം. ഞാന്‍ ഈ ലോകത്തുനിന്ന് ഒരുപാട് ദൂരേക്ക് പോവുകയാണ്' എന്നാണ് സര്‍വേശ് കരഞ്ഞുകൊണ്ട് പറയുന്നത്.

ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുപിയില്‍ ജീവനൊടുക്കുന്ന നാലാമത്തെ ബിഎല്‍ഒയാണ് സർവേശ്. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സര്‍വേശിന്‍റെ മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. 

ENGLISH SUMMARY:

BLOs' workload is causing severe issues, with recent reports of suicides in UP due to election duty stress. The pressure of voter list revisions and other tasks has led to tragic consequences for some individuals.