AI Created Image
യുഎസ് വീസ ലഭിക്കാത്തതിനെത്തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ഹൈദരാബാദില്‍ ശനിയാഴ്ച്ചയാണ് സംഭവം. ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിയായ രോഹിണി(38) യെയാണ് സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. ഫ്ലാറ്റിലെ ജോലിക്കാരി വീട്ടിലെത്തി വാതില്‍ തട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ ഫ്ലാറ്റുകളിലെ താമസക്കാരേയും ബന്ധുക്കളേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മാസങ്ങളോളമായി വിഷാദാവസ്ഥയിലായിരുന്നെന്നും യുഎസ് വീസ ലഭിച്ചില്ലെന്നും വ്യക്തമാക്കുന്ന കാര്യങ്ങള്‍ മൃതദേഹത്തിന് അടുത്തുനിന്നും ലഭിച്ച ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. അമിതമായ അളവില്‍ ഉറക്കഗുളിക കഴിക്കുകയോ സ്വയം കുത്തിവയ്ക്കുകയോ ചെയ്താണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തന്റെ മകള്‍ യുഎസ് വീസയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നുവെന്ന് രോഹിണിയുടെ അമ്മ ലക്ഷ്മി പൊലീസിനോട് പറഞ്ഞു. കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ മകള്‍ മിടുക്കിയായിരുന്നെന്നും വലിയ സ്വപ്നങ്ങളാണ് ഉണ്ടായിരുന്നതെന്നും അമ്മ പറയുന്നു. വിവാഹത്തിനു പോലും തയ്യാറാകാത്ത രോഹിണി മുഴുവന്‍ സമയവും കരിയറിനായി മാറ്റിവച്ചിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.