Image Credit:Reuters

യുദ്ധം പതിനാറാം ദിവസവും തീരുന്ന ലക്ഷണമില്ലാത്തതോടെ ഹോര്‍മുസ് കടലിടുക്ക് പിടിക്കാന്‍ സഖ്യരാജ്യങ്ങളുടെ പിന്തുണ തേടി അമേരിക്ക. സഖ്യരാജ്യങ്ങള്‍ മാത്രമല്ല, ഹോര്‍മുസിലൂടെ ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന എല്ലാവരും സഹായിക്കണമെന്നും അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. ഹോര്‍മുസിലൂടെ അമേരിക്കയും ഇസ്രയേലും ഒഴികെയുള്ളവര്‍ക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകാമെന്നാണ് ഇറാന്‍റെ ഇപ്പോഴത്തെ നിലപാട്. ' ഹോര്‍മുസിലൂടെ ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന രാജ്യങ്ങളെല്ലാം അതിനെ സംരക്ഷിക്കാന്‍ ഇപ്പോള്‍ മുന്നോട്ട് വരണം. അമേരിക്ക അവരെ സഹായിക്കാം. അങ്ങനെ മുന്നിട്ടറങ്ങി വരുന്നവരുടെ കാര്യങ്ങള്‍ യുഎസ് ഏകോപിപ്പിക്കാമെന്നും അപ്പോള്‍ കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നും' ട്രംപ് കുറിച്ചു.

അതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യപൂര്‍വ രാഷ്ട്രങ്ങള്‍ െചലുത്തിയ സമ്മര്‍ദത്തിന് ട്രംപ് വഴങ്ങിയില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാടിലാണ് ഇറാനും. യുഎസും ഇസ്രയേലും ആക്രമണം അവസാനിപ്പിക്കാതെ വെടിനിര്‍ത്തലിനെ കുറിച്ച് ആലോചിക്കുകയേ വേണ്ടെന്നും അതിതീവ്രമായി ആറുമാസത്തേക്ക് യുദ്ധം ചെയ്യണമെന്നാണെങ്കില്‍ അതിനും ഇറാന് മടിയില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കിയിട്ടുണ്ട്. 

 ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കും വ്യോമത്താവളങ്ങള്‍ക്കും നേരെ അതിശക്തമായ ആക്രമണം ഇറാന്‍ തുടരുകയാണ്. സൗദിയിലെ യുഎസ് വ്യോമത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചു. പുലര്‍ച്ചെയും കനത്ത ആക്രമണം നടന്നിരുന്നു. ഇറാഖിലും കുവൈത്തിലും ഇറാന്‍ ശക്തമായ ആക്രമണം നടത്തി. ദുബായിലും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി രാവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നും ഇതിലധികവും ഇറാനിലാണെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുഎഇയില്‍ ആക്രമണം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി തുറമുഖങ്ങളില്‍ നിന്നും ഡോക്കുകളില്‍ നിന്നും അമേരിക്കന്‍ ബന്ധമുള്ള സ്ഥാപനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇറാന്‍റെ ഖാര്‍ഗ് ദ്വീപ് ആക്രമിക്കാന്‍ യുഎഇയുടെ ഭൂപ്രദേശം വിട്ടുനല്‍കിയെന്ന ഇറാന്‍റെ ആരോപണം യുഎഇ തള്ളി.

ENGLISH SUMMARY:

On March 15, 2026, President Donald Trump called on global nations to help secure the Strait of Hormuz as the US-Iran war enters its 16th day. While Iran allows non-US/Israel tankers, Trump urged all oil-importing countries to join a US-led coordination to ensure free passage. Meanwhile, the IRGC remains defiant, stating they are prepared for six months of intense warfare. Reports confirm ongoing drone strikes on US bases in Saudi Arabia, Iraq, and Kuwait, with the death toll nearing 2,000.